ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം. ലങ്ക ഉയർത്തിയ 142 റൺസിന്റെ വിജയലക്ഷ്യം 15 പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ പരമ്പരയിൽ മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്ക് അത് മുതലാക്കാനായില്ല. അഞ്ചാം ഓവറിൽ അവിഷ്കാ ഫെർണാണ്ടോയെ മടക്കി വാഷിങ്ടൺ സുന്ദർ ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ റണ്ണൊഴ്ക്ക് തടയുന്നതിലും വിജയിച്ചു. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി നവ്ദീപ് സൈനി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാർദുൽ ഠാക്കൂർ തിളങ്ങിയത് 19-ാം ഓവറിലായിരുന്നു. അവസാന രണ്ട് പന്തിലെ രണ്ട് വിക്കറ്റുകൾ ഉൾപ്പടെ മൂന്ന് വിക്കറ്റുകൾ താരം വീഴ്ത്തിയത് ഒരു ഓവറിൽ.

ലങ്കൻ നിരയിൽ അഞ്ച് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 34 റൺസെടുത്ത കുശാൽ പെരെരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സൈനി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. പരുക്കിൽ നിന്ന് മുക്തനായി മടങ്ങി വന്ന ജസ്പ്രീത് ബുംറയും ഒരു വിക്കറ്റുമായി തിളങ്ങി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാനും കെഎൽ രാഹുലും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 55 പന്തിൽ 71 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പത്താം ഓവറിൽ 45 റൺസ് എടുത്ത് രാഹുലും 13-ാം​ ഓവറിൽ 32 റൺസെടുത്ത ധവാനും മടങ്ങി. പിന്നീട് ക്രീസിൽ ഒന്നിച്ച നായകൻ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും അനായാസം ബാറ്റുവീശി. ഇരുവരിലൂടെ മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ട് പിറന്നതോടെ ഇന്ത്യ അനായാസം വിജയത്തിലേക്ക് നീങ്ങി. ജയത്തിനോട് ആറ് റൺസ് അകലെ ശ്രേയസ് (34) പുറത്തായെങ്കിലും ഇന്ത്യ ജയത്തിനരികിൽ എത്തിയായിരുന്നു.

ഇന്ത്യ വിജയ റൺനേടുമ്പോൾ 17 പന്തിൽ 30 റൺസെടുത്ത വിരാട് കോ‌ഹ്‌ലിയും ഒരു റൺസുമായി റിഷഭ് പന്തുമായിരുന്നു ക്രീസിൽ. ജയത്തോടെ പരമ്പരയിൽ 1-0ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു. ഗുവാഹത്തിയിൽ നടന്ന ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം ടി20 വെള്ളിയാഴ്ച്ച പൂനെയിൽ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook