ഗാലെ: ശിഖർ ധവാനും ചേതേശ്വർ പൂജാരയും ക്രീസിൽ നിറഞ്ഞാടിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഒന്നാം ദിനത്തിൽ 90 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തിട്ടുണ്ട്. ഓപ്പണറായി ഇറങ്ങിയ ശിഖർ ധവാനും മൂന്നാമനായി ഇറങ്ങിയ ചേതേശ്വർ പൂജാരയുടെയും മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർനില 300 ൽ കടത്തിയത്. ധവാനും പൂജാരെയും സെഞ്ചുറി നേടി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖർ ധവാനും അഭിനവ് മുകുന്ദുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. 12 റൺസെടുക്കവേ ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. നുവാൻ പ്രദീപിനായിരുന്നു വിക്കറ്റ്. പിന്നാലെ ഇറങ്ങിയ പൂജാരെയും ധവാനും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയുടെ സ്കോർനില ഇരുവരും ചേർന്ന് മുന്നോട്ടു നീക്കി. ധവാൻ 168 ബോളിൽനിന്നും 190 റൺസെടുത്ത് പുറത്തായി. പ്രദീപിനായിരുന്നു വിക്കറ്റ്. തുടർന്ന് വിരാട് കോഹ്‌ലി ഇറങ്ങിയങ്കിലും പെട്ടെന്ന് തന്നെ മടങ്ങേണ്ടി വന്നു. മൂന്നു റൺസെടുത്ത കോഹ്‌ലി ഡിആർഎസിലൂടെയാണ് പുറത്തായത്.
പിന്നീട് പൂജാരെയും രഹാനെയും ചേർന്ന് കളി ഏറ്റെടുത്തു. ഇരുവരുടെയും മികച്ച പ്രകടനത്തിൽ ഇന്ത്യൻ സ്കോർ 350 കടന്നു. പൂജാരെ സെഞ്ചുറി (144) നേടി പുറത്താകാതെ നിന്നു. രഹാനെ 39 റൺസുമായി കൂടെയുണ്ട്. ശ്രീലങ്കയ്ക്കു വേണ്ടി നുവാൻ പ്രദീപാണ് മൂന്നു വിക്കറ്റും നേടിയത്.