കൊച്ചി: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് മൽസരത്തിലെ പിച്ച് ഒത്തുകളിക്കാരുടെ താത്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതെന്ന് ആരോപണം. ഇതേ തുടർന്ന് സംഭവത്തിൽ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിൻ മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു. മൽസരം നടന്ന ഗാലെ മൈതാനത്തിന്റെ ചുമതലക്കാരനെ പണം നൽകി വശത്താക്കിയെന്ന് ഇദ്ദേഹം തുറന്നുപറഞ്ഞതായാണ് വീഡിയോ.

സ്റ്റിങ് ഓപ്പറേഷന്റെ വീഡിയോ ദൃശ്യം നാളെ പുറത്തുവിടുമെന്നാണ് ഇതിലെ ചില ഭാഗങ്ങൾ കാണിച്ച് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ അംഗരാജ്യങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അഴിമതി വിരുദ്ധ സമിതി പ്രതിനിധികളെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ഐസിസി പറഞ്ഞു. ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി ജനറൽ മാനേജറായ അലക്‌സ് മാർഷലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ജൂലൈ 26 നും 29 നും ഇടയിൽ നടന്ന ഇന്ത്യ ശ്രീലങ്ക ആദ്യ ടെസ്റ്റ് മൽസരമാണ് അന്വേഷണത്തിന് വിധേയമായിരിക്കുന്നത്. ഗാലെ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് മാനേജർ തരംഗ ഇന്റിക തനിക്ക് മൈതാനത്തെ പേസിനോ, സ്‌പിന്നിനോ, ബാറ്റിങ്ങിനോ അനുകൂലമാക്കി മാറ്റാനാകുമെന്ന് പറയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യക്ക് സമ്പൂർണ ആധിപത്യം ഉണ്ടായിരുന്ന മൽസരമായിരുന്നു അത്. ശിഖർ ധവാൻ 193 ഉം, ചേതേശ്വർ പൂജാര 153 ഉം റൺസ് നേടി ആദ്യ ഇന്നിങ്സിൽ ഇന്ത്യ 600 റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്‌ലി സെഞ്ചുറി നേടി. മൂന്നിന് 240 എന്ന നിലയിൽ ഈ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ആദ്യ ഇന്നിങ്സിൽ 291 റൺസും രണ്ടാം ഇന്നിങ്സിൽ 245 ഉം റൺസ് നേടിയ ലങ്ക 304 റൺസിന് മൽസരം തോറ്റു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ