scorecardresearch

സഞ്ജു ലോകകപ്പിലേക്ക് വരുമ്പോൾ; മലയാളി താരം നേരിടുന്ന വെല്ലുവിളികൾ, Sanju Samson | BCCI | Indian Cricket

സഞ്ജുവിന് പിന്നാലെയെത്തിയ ജൂനിയർ കളിക്കാരിൽ പലരും ടീമിൽ സ്ഥിരസാന്നിധ്യമായിട്ടും വിദേശ പര്യടനങ്ങളിൽ പോലും ഗ്രൌണ്ടിൽ വാട്ടർ ബോയ് മാത്രമായി അദ്ദേഹം ഒതുങ്ങി. ഇന്ത്യൻ ടീമിനൊപ്പം ലോകപര്യടനം നടത്തുന്നൊരു സബ്സ്റ്റിറ്റ്യൂട്ട് താരമായി മാത്രം സഞ്ജുവിനെ പലരും കണ്ടു

സഞ്ജുവിന് പിന്നാലെയെത്തിയ ജൂനിയർ കളിക്കാരിൽ പലരും ടീമിൽ സ്ഥിരസാന്നിധ്യമായിട്ടും വിദേശ പര്യടനങ്ങളിൽ പോലും ഗ്രൌണ്ടിൽ വാട്ടർ ബോയ് മാത്രമായി അദ്ദേഹം ഒതുങ്ങി. ഇന്ത്യൻ ടീമിനൊപ്പം ലോകപര്യടനം നടത്തുന്നൊരു സബ്സ്റ്റിറ്റ്യൂട്ട് താരമായി മാത്രം സഞ്ജുവിനെ പലരും കണ്ടു

author-image
Sarathlal CM
New Update
T20 World Cup | Sanju Samson

india squad for T20 World Cup, Sanju Samson: 2015ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, 2020 വരെ സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ കളിക്കാൻ ലഭിച്ച അവസരങ്ങൾ വളരെ കുറവായിരുന്നു. സഞ്ജുവിന് പിന്നാലെയെത്തിയ ജൂനിയർ കളിക്കാരിൽ പലരും ടീമിൽ സ്ഥിരസാന്നിധ്യമായിട്ടും വിദേശ പര്യടനങ്ങളിൽ പോലും ഗ്രൗണ്ടില്‍ വാട്ടർ ബോയ് മാത്രമായി അദ്ദേഹം ഒതുങ്ങി. ഇന്ത്യൻ ടീമിനൊപ്പം ലോകപര്യടനം നടത്തുന്നൊരു സബ്സ്റ്റിറ്റ്യൂട്ട് താരമായി മാത്രം സഞ്ജുവിനെ പലരും കണ്ടു.

Advertisment

സ്ഥിരതയില്ലായ്മയെന്ന പഴി പറഞ്ഞും താൽപ്പര്യക്കാരെ ടീമിൽ തിരുകിക്കയറ്റിയും ബിസിസിഐ സ്വന്തം രാഷ്ട്രീയ തീരുമാനങ്ങളെ മാത്രമാണ് ഉയർത്തിപ്പിടിച്ചത്. ടി20യിൽ കിട്ടിയ അവസരങ്ങളിൽ അമിത സമ്മർദ്ദം താങ്ങാനാകാതെ സഞ്ജു പരാജയപ്പെടുന്ന കാഴ്ചയും ആരാധകർക്ക് കാണേണ്ടി വന്നു.

കരിയറിൽ നിർണായക വഴിത്തിരിവ്

എന്നാൽ ഏകദിന ടീമിലേക്ക് അവസരം തേടിയെത്തിയതാണ് സഞ്ജു വിശ്വനാഥൻ സാംസണിന്റെ കരിയറിൽ നിർണായക വഴിത്തിരിവായത്. ടി20യെ അപേക്ഷിച്ച് കൂടുതൽ പന്തുകൾ കരുതലോടെ കളിച്ച് റൺസ് സ്കോർ ചെയ്യാൻ കഴിയുമെന്നതായിരുന്നു സഞ്ജുവിന്റെ സമ്മർദ്ദം ലഘൂകരിച്ചത്. ഇന്ത്യയിൽ വച്ച് നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പ് ടീമിൽ സഞ്ജു സ്ഥാനം അർഹിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുകയുണ്ടായി.

Advertisment

സഞ്ജു ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇല്ലെങ്കിൽ അത് സഞ്ജുവിന്റെ നഷ്ടമല്ലെന്നും അത് ഇന്ത്യയുടെ നഷ്ടമാണെന്നും ഗംഭീർ അടിവരയിട്ട് പറയുമ്പോൾ ഈ മലയാളി താരം എത്രമാത്രം സ്പെഷ്യലാണെന്ന് കൂടി അദ്ദേഹം പറയാതെ പറയുന്നു. ഇന്നലെ സുരേഷ് റെയ്നയും സഞ്ജുവിനെ എന്തുകൊണ്ട് ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്നതിനെ കുറിച്ച് മനസ് തുറന്നിരുന്നു. ഞാനായിരുന്നെങ്കിൽ സഞ്ജുവിനെ തീർച്ചയായും എല്ലാ ലോകകപ്പ് മത്സരങ്ങളുടേയും ആദ്യ ഇലവനിൽ കളിപ്പിക്കുമെന്നും താരം പറഞ്ഞിരുന്നു.

ഭാഗ്യം കൊണ്ടുവന്ന 2024

2024 എന്തുകൊണ്ടും സഞ്ജുവെന്ന താരത്തിന്റെ കരിയറിൽ നിർണായക വർഷമാണ്. ഐപിഎല്ലിൽ സ്വപ്നസമാനമായ തുടക്കമാണ് കളിക്കാരനെന്ന നിലയിലും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിലും സഞ്ജു ഈ സീസണിൽ കൈവരിച്ചത്. സ്വർത്ഥതയില്ലാതെ സഹതാരങ്ങളുടെ നേട്ടങ്ങൾ മതിമറന്നാഘോഷിക്കുന്ന സഞ്ജുവെന്ന നായകനെ കിട്ടിയതിൽ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന് അഭിമാനിക്കാം.

കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സെഞ്ചുറി നേടിക്കൊണ്ട് സഞ്ജു തന്റെ പ്രതിഭയെന്താണെന്ന് ഈ ലോകത്തോട് വിളിച്ചുപറഞ്ഞു. പക്വതയില്ലെന്നും അലക്ഷ്യമായി വിക്കറ്റുകൾ വലിച്ചെറിയുന്നു എന്നുമുള്ള വിമർശനങ്ങൾക്ക് ബാറ്റു കൊണ്ട് തന്നെ അദ്ദേഹം മറുപടി പറഞ്ഞു.

പരമ്പരയിലെ നിർണായക മത്സരത്തിൽ സെഞ്ചുറി നേടി ടീമിനെ ജയിപ്പിക്കുകയും പരമ്പര വിജയം നേടാൻ സഹായിക്കുകയും ചെയ്തത് അയാളിലെ ആത്മവിശ്വാസത്തെ വാനോളമുയർത്തി. ആ പോസിറ്റിവിറ്റിയുമായാണ് ഇത്തവണ ഐപിഎല്ലിനെത്തിയത്. അത് ടീമിന് ഒന്നടങ്കം പുത്തൻ ഊർജ്ജമേകി.

ലോകകപ്പിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ

റിഷഭ് പന്തിനെ മറികടന്ന് സഞ്ജു ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററാകുമോ എന്നതാണ് പ്രധാന ആശങ്ക. സെലക്ടർമാരുടെ പ്രധാന ചോയ്സ് സഞ്ജു അല്ലെന്നതാണ് ടീം സെലക്ഷനിൽ നിന്ന് വ്യക്തമാകുന്നത്. കാറപകടത്തിൽ പരിക്കേറ്റ് മാസങ്ങൾക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ റിഷഭ് പന്തിന്റെ തിരിച്ചുവരവ് ആരെയും പ്രചോദിപ്പിക്കുന്നത് തന്നെയാണ്.

സെലക്ടർമാർ മുന്നോട്ടുവച്ച പ്രധാന മാനദണ്ഡം ഐപിഎല്ലിലെ പ്രകടനങ്ങൾ ആണെന്നതിനുള്ള സൂചനയാണ് ഇന്ത്യൻ ജേഴ്സിയിലേക്കുള്ള പന്തിന്റെ മടങ്ങിവരവ്. വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങുന്നു എന്നതാണ് പന്തിന് ലഭിക്കുന്ന മുൻഗണന. എന്നാൽ പരിക്കിന്റെ സൂചനകളൊന്നും പ്രകടിപ്പിക്കാത്ത പന്തിനെ മറികടന്ന് സഞ്ജുവിനെ കളിപ്പിക്കാൻ രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും തയ്യാറാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

അന്തിമ തീരുമാനം ക്യാപ്റ്റന്റേയും കോച്ചിന്റേയും

യുവതാരങ്ങൾക്ക് എപ്പോഴും അവസരം നൽകുന്ന സമീപനമാണ് രാഹുൽ ദ്രാവിഡിന്റേത്. അതേസമയം, ലോകകപ്പ് പോലൊരു ടൂർണമെന്റിൽ ടീമിനെ മാറ്റിമാറ്റി പരീക്ഷിക്കാൻ ഇന്ത്യ തയ്യാറാകില്ലെന്നതും സഞ്ജുവിന് വെല്ലുവിളിയാണ്. ജയിക്കുന്ന ടീമിനെ മാറ്റാൻ ക്യാപ്ടൻ തയ്യാറാകില്ലെന്നത് പ്രധാനമാണ്.

സഞ്ജുവിന്റെ ഇന്നത്തെ ഫോമിൽ അയാളിലെ പ്രതിഭയെ വിശ്വസിക്കാൻ ഇന്ത്യൻ നായകൻ തയ്യാറായില്ലെങ്കിൽ അത് ഈ രാജ്യത്തോടും ഈ കളിയോടും ചെയ്യുന്ന കടുത്ത അനീതിയാകും. സമീപകാലത്ത് പ്രധാനപ്പെട്ട ഒരു ഐസിസി ട്രോഫി പോലും നേടിയിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാൻ സഞ്ജുവിന്റെ വരവ് ഇന്ത്യയെ സഹായിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Read More Sports News Here

Indian Cricket Team Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: