കേപ്‌ടൗണ്‍: കോവിഡ്-19 മഹാമാരിയെത്തുടർന്ന് നിർത്തിവച്ച കായിക മത്സരങ്ങൾ പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയും അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നേക്കും. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയ്ക്കായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ മത്സരം നടത്താനാവുമെന്ന കര്യത്തിൽ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതായി പിടിഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.

മൂന്ന് ടി-20 മത്സരങ്ങളാവും ഓഗസ്റ്റ് അവസാനം നടക്കുന്ന പരമ്പരയിലുണ്ടാവുക. ദക്ഷിണാഫ്രിക്കയുടെ ക്ഷണത്തിനു പിറകേ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) മത്സരം നടത്തുന്ന കാര്യം അംഗീകരിച്ചതായാണ് സൂചന. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ അനുമതി നൽകിയാൽ പരമ്പരയുമായി മുന്നോട്ട് പോവാം.

Read More: സ്റ്റേഡിയങ്ങള്‍ തുറക്കാന്‍ അനുമതി, പരിശീലനം ആരംഭിക്കാന്‍ സാധ്യത

ഐസിസിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് പര്യടനങ്ങളുടെ പട്ടികയിലുൾപ്പെടുന്നതല്ല ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര. സിഎസ്എ ഡയരക്ടർ ഗ്രേയിം സ്മിത്തും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പരമ്പരയുടെ കാര്യത്തിൽ ധാരണയിലെത്തിയതെന്ന് പിടിഐ റിപോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിനായി ബിസിസിഐയുമായി നിരന്തര സമ്പർക്കം പുലർത്തുകയാണെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചതെന്ന് റോയിറ്റേഴ്സ്  റിപോർട്ട് ചെയ്യുന്നു.

ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും കോവിഡ്-19 വ്യാപന നിരക്കിലുണ്ടാവുന്ന മാറ്റം അനുസരിച്ചായിരിക്കും മത്സരത്തിന്റെ ഭാവി. അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രമാണ് മത്സരം നടത്താനാവുക. കളിക്കാർ സാമൂഹിക അകല നിയന്ത്രണങ്ങൾ പാലിക്കുകയും വേണം. പന്തിൽ ഉമിനിർ പുരട്ടുന്നത് വിലക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളും വേണ്ടി വരും. പകൽ സമയത്തായിരിക്കും മത്സരം നടക്കാൻ സാധ്യത. ദക്ഷിണാഫ്രിക്കയിൽ പര്യതനത്തിനെത്തുകയാണെങ്കിൽ ഇന്ത്യൻ താരങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടിയും വരും.

Read More: ഫുട്ബോളിന് പിന്നാലെ ക്രിക്കറ്റ് മൈതാനങ്ങളും ഉണരുന്നു; ഓസ്ട്രേലിയയിൽ ജൂൺ ആറ് മുതൽ മത്സരങ്ങൾ

കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച കായിക മത്സരങ്ങൾ ലോകത്ത് പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ജർമൻ ലീഗിലൂടെ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചതിനു പിറകേ ക്രിക്കറ്റ് മത്സരങ്ങളും തിരിച്ചുവരാനൊരുങ്ങുകയാണ്.  ജൂൺ ആദ്യ വാരം ആഭ്യന്തര ക്രിക്കറ്റ മത്സരങ്ങൾ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. പിന്നാലെ രാജ്യാന്തര മത്സരങ്ങളും നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജൂൺ ആറ് മുതൽ ഡാവിൻ ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ടി20 ടൂർണമെന്റായിരിക്കും കോവിഡ് കാലത്തെ ആദ്യ പ്രധാനപ്പെട്ട ടൂർണമന്റായി ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. പന്തിന് തിളക്കാൻ കൂട്ടാൻ ഉമിനീരോ വിയർപ്പോ ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ഡാർവിൻ ക്രിക്കറ്റ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദേശം. താരങ്ങളെല്ലാവരും വൈദ്യ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്.

ഇന്ത്യയിൽ കോവിഡ്-19 വ്യാപനത്തെ തുര്‍ന്ന് അടച്ചിട്ടിരിക്കുന്ന സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാന്‍ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ 4.0 ചട്ടങ്ങളിലാണ് കാണികളില്ലാതൈ സ്‌റ്റേഡിയങ്ങളും കോംപ്ലക്‌സുകളും തുറക്കാന്‍ അനുവാദം നല്‍കിയത്. എന്നാൽ കായിക മത്സരങ്ങള്‍ക്ക് തുടര്‍ന്നും വിലക്കുണ്ടെന്ന് അറിയിപ്പിലെ ചട്ടങ്ങള്‍ പറയുന്നു. കായിക താരങ്ങളുടെ പരിശീലനത്തിനായാവും സ്റ്റേഡിയങ്ങൾ തുറക്കുക.

Read More:  India, South Africa to play three T20Is in August if pandemic subsides

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook