റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന് ഇന്ന് റാഞ്ചിയില്‍ തുടക്കം. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ അവസാന മത്സരം കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കളത്തിലിറങ്ങുന്നത്. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. റാഞ്ചിയിലെ ജെഎസ്സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.
പരമ്പരയിലെ മൂന്ന് ടെസ്റ്റിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് ടോസ് സ്വന്തമാക്കിയത്. മൂന്നിലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യന്‍ നായകന്റെ തീരുമാനം.
മൂന്നാം ടെസ്റ്റില്‍ നിര്‍ണായക മാറ്റത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ റാഞ്ചി ടെസ്റ്റില്‍ കളിക്കില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം ഇന്ന് കളത്തിലിറങ്ങും. നദീമിന് ഇത് കന്നി ടെസ്റ്റ് മത്സരമാണ്. കുല്‍ദീപ് യാദവ് തോളിലെ പരുക്ക് കാരണം കളിക്കാന്‍ ഇറങ്ങാത്തതും നദീബിന് തുണയായി.
Read Also: യോ യോ ടെസ്റ്റ് വേണമെന്ന് പറഞ്ഞ സമയത്ത് നിങ്ങളായിരുന്നു പ്രസിഡന്റെങ്കിൽ!; ഗാംഗുലിയോട് യുവി
മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. റാഞ്ചിയിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് വിരാട് കോഹ്ലിയും സംഘവും ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. മൂന്നാം മത്സരവും ജയിക്കാനായാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിർണായകമായ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.
എന്നാൽ ആശ്വാസജയം തേടിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ റാഞ്ചിയിൽ കളിക്കുക. ആദ്യ രണ്ടു മത്സരങ്ങളിലും വമ്പൻ തോൽവിയാണ് ഇന്ത്യയോട് പ്രൊട്ടിയാസുകൾ വഴങ്ങിയത്. ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻപോലും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ഡു പ്ലെസിസും സംഘവും പ്രതീക്ഷിക്കുന്നില്ല.
റാഞ്ചിയിൽ നടക്കുന്ന മത്സരവും ജയിച്ച് വൈറ്റ്വാഷ് വിജയമാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നതെന്ന് വിരാട് കോഹ്ലി വ്യക്തമാക്കി കഴിഞ്ഞു. ലോക ടെസ്റ്റ് ചാംച്യൻഷിപ്പ് എന്ന വലിയ ചിത്രത്തിലേക്ക് നോക്കുമ്പോൾ ഓരോ വിജയവും വിലപ്പെട്ടതാണ്. അത് ഹോം മാച്ചാണെങ്കിലും എവേ മാച്ചാണെങ്കിലും അതാണ് ഫോർമാറ്റ്. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റിലും ഒരു അടി പോലും പിന്നോട്ടില്ല. ഒരു ഘട്ടത്തിലും ആരും വിശ്രമിക്കാൻ പോകുന്നില്ല. മൂന്നാം ടെസ്റ്റും വിജയിച്ച് 3-0ന് പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിരാട് കോഹ്ലി പറഞ്ഞിരുന്നു. വിശാഖപട്ടണം ടെസ്റ്റിൽ 203 റൺസിനും പൂനെ ടെസ്റ്റിൽ ഇന്നിങ്സിനും 137 റൺസിനുമാണ് ഇന്ത്യ പ്രൊട്ടിയാസുകളെ തകർത്തത്.