ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ ആദ്യ പോരാട്ടത്തിൽ പാകിസ്താനെ നേരിടാനൊരുങ്ങുമ്പോള്‍ പാകിസ്താനില്‍ നിന്ന് തീർത്തും അപ്രതീക്ഷിതമായൊരു പിന്തുണ. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ലോകപ്രശസ്ത ആരാധകന്‍ ‘ചാച്ച ഷിക്കാഗോ’യും ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ വിജയത്തിനായാണ് ആർപ്പുവിളിക്കുക.

ഇന്ത്യയും ആയി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്താനില്‍ ഒരു സൂപ്പര്‍ താരവും ഇല്ലെന്നും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരം അനായാസം വിജയിക്കുമെന്നും ഷിക്കോഗോയില്‍ ജീവിക്കുന്ന കാറാച്ചിക്കാരനായ ‘ചാച്ച ഷിക്കാഗോ’ എന്ന മുഹമ്മദ് ബഷീര്‍ പറയുന്നു. ‘ജാവേദ് മിയാന്‍ദാദും വസീം അക്രവും വഖാര്‍ യൂനസും യൂനസ് ഖാനും എല്ലാം കളിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു പാകിസ്താന്. എന്നാല്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു താരം പോലും അവര്‍ക്കില്ല. ഇന്ത്യ അനായാസം ഈ മത്സരം ജയിക്കും’ ചാച്ച പറയുന്നു.

”ഞാന്‍ ഇപ്പോഴും പാകിസ്ഥാനെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാന്‍ ഇന്ത്യയെ കൂടുതല്‍ സ്‌നേഹിക്കുന്നു. ഭാര്യയുടെ നാടായ ഇന്ത്യയിലേക്ക് എല്ലാവര്‍ഷവും പോകുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ മടിയാണ്. എനിക്കു കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നത് ഇന്ത്യയിലാണ്.” ചാച്ച വ്യക്തമാക്കി. ധോണി, കോഹ്ലി, യുവരാജ് തുടങ്ങി താരസമ്പന്നമായ ഇന്ത്യന്‍ നിരയുമായി താരതമ്യപ്പെടുത്തിയാല്‍ പാക്കിസ്ഥാന്‍ ഏറെ പിന്നിലാണെന്നും ധോണിയുടെയും കടുത്ത ആരാധകൻ കൂടിയായ മുഹമ്മദ് ബഷീർ അഭിപ്രായപ്പെടുന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കടുത്ത ആരാധകനായ പ്രശസ്ത ഇന്ത്യൻ ആരാധകൻ സുധിര്‍ ഗൗതവുമായി ഏറെ അടുപ്പമുണ്ടു ചാച്ചയ്ക്ക്. മല്‍സരത്തിന് വരുണ്ടോയെന്ന് അന്വേഷിച്ചു സുധിര്‍ വിളിച്ചിരുന്നുവെന്നു ചാച്ച പറയുന്നു. എന്നാല്‍ റമസാന്‍ മാസമായതിനാല്‍ കുടുംബത്തോടൊപ്പം മക്കയില്‍ ചിലവഴിക്കാനാണ് ചാച്ചയുടെ തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ