/indian-express-malayalam/media/media_files/uploads/2017/04/harbhajan-1.jpg)
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി ലോകകപ്പ് മത്സരം കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. പാക്കിസ്ഥാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന 40 ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
മെയ് 30ന് ലോകകപ്പ് ആരംഭിക്കുമെങ്കിലും ജൂണ്‍ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള മത്സരം തീരുമാനിച്ചിരിക്കുന്നത്. പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. 'ഇന്ത്യ പാക്കിസ്ഥാനോട് ലോകകപ്പില്‍ കളിക്കരുത്. അവരോട് കളിക്കാതെ തന്നെ ലോകകപ്പ് വിജയിക്കാനുളള ശക്തി ഇന്ത്യയ്ക്കുണ്ട്. ക്രിക്കറ്റ് മാത്രമല്ല, ഒരു കായിക ഇനത്തിലോ മറ്റ് പരിപാടികളിലോ ഇന്ത്യ അവരുമായി സഹകരിക്കരുത്,' ഹര്‍ഭജന്‍ പറഞ്ഞു.
'വളരെ ബുദ്ധിമുട്ടേറിയ സമയമാണിത്. സര്‍ക്കാര്‍ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ക്രിക്കറ്റിലും നല്ല ബന്ധം മുന്നോട്ട് കൊണ്ടുപോയാല്‍ അവര്‍ ഇത്തരത്തില്‍ തന്നെയാണ് ഭാവിയിലും നമ്മളോട് കാണിക്കുക,' ഹര്‍ഭജന്‍ വ്യക്തമാക്കി.
'ക്രിക്കറ്റോ ഹോക്കിയോ എന്തായാലും പാക്കിസ്ഥാനുമായി കളിക്കരുത്. കാരണം നിരന്തരമായി അവര്‍ നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ നമ്മള്‍ എന്തിന് കായിക ബന്ധം കാണിക്കണം. പാക്കിസ്ഥാനുമായി ഒരു തരത്തിലുളള ബന്ധവും കാണിക്കരുത്. നമ്മള്‍ ലോകത്ത് തന്നെ നല്ല ശക്തിയുളള രാജ്യമാണ്. ക്രിക്കറ്റാണ് അതില്‍ പ്രധാനപ്പെട്ടത്. സൈന്യത്തിന്റെ ത്യാഗം വെറുതെ ആവാന്‍ പാടില്ല,' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.