ഹാമിൽട്ടൻ: സൂപ്പർ ഓവറിൽ നേടിയ തകർപ്പൻ ജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലൻഡ് മണ്ണിൽ പുതുചരിത്രമാണ് എഴുതിച്ചേർത്തത്. രാജ്യാന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും ന്യൂസിലൻഡ് മണ്ണിൽ ഇതുവരെയൊരു ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിരുന്നില്ല. ഈ ചീത്തപ്പേരാണ് ഹാമിൽട്ടണിലെ ജയത്തോടെ ഇന്ത്യ തിരുത്തിയെഴുതിയത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ മൂന്ന് മത്സരവും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ഓക്‌ലൻഡിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ജയം ആധികാരികമായിരുന്നു. സെഡൻ പാർക്കിൽ ന്യൂസിലൻഡ് ശക്തമായി തിരിച്ചടിച്ചെങ്കിലും സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിന്റെ അന്തിമ ഫലം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. നിലവിൽ ടി20 റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് അവശേഷിക്കുന്ന മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ സാധിച്ചാൽ നാലാം സ്ഥാനത്തേക്കെത്താനും സാധിക്കും.

Also Read: സേവാഗിനും സച്ചിനുമൊപ്പം; ഓപ്പണറുടെ റോളിൽ പുതിയ റെക്കോർഡുമായി രോഹിത്

2008-2009 പരമ്പരയിൽ 0-2നായിരുന്നു ഇന്ത്യയുടെ തോൽവി. കഴിഞ്ഞ വർഷം ഇന്ത്യ ഒരു മത്സരം ജയിച്ചെങ്കിലും രണ്ട് മത്സരങ്ങൾ ജയിച്ച ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം രാജ്യാന്തര ടി20യിൽ ഇന്ത്യൻ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച അഞ്ച് ടി20 പരമ്പരകളിൽ ഒന്നിൽ പോലും ഇന്ത്യ പരമ്പര കൈവിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ 1-1ന് പരമ്പര സമനിലയിൽ അവസാനിച്ചത് മാറ്റിനിർത്തിയാൽ എല്ലാ പരമ്പരകളിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ജയം.

Also Read: ഐപിഎൽ 2020: ധോണിയും കോഹ്‌ലിയും രോഹിത്തും ഒരു ടീമിൽ

കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ് നിന്ന മൂന്നാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ സൂപ്പർ ഓവറിലായിരുന്നു ഇന്ത്യൻ വിജയം. നിശ്ചിത ഓവറിൽ ഇരു ടീമുകളും 179 റൺസ് വീതം നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 17 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്കുവേണ്ടി രോഹിതും രാഹുലും വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook