/indian-express-malayalam/media/media_files/2025/02/12/gxRcLh8z0yI4kr9ZpKf7.jpg)
ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
അഹമ്മദാബാദ് ഏകദിനത്തിൽ ഇംഗ്ലണ്ടിന് മുൻപിൽ 357 റൺസ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയും വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരുടെ അർധ ശതകവുമാണ് ഇന്ത്യയെ 350ന് മുകളിൽ സ്കോർ എത്തിക്കാൻ സഹായിച്ചത്. 102 പന്തിൽ നിന്ന് 14 ഫോറും മൂന്ന് സിക്സും സഹിതമാണ് ഗിൽ സെഞ്ചുറി നേടിയത്.
മധ്യനിര ബാറ്റർമാർ മികവ് കാണിച്ചെങ്കിലും അവസാന ഓവറുകളിലേക്ക് എത്തിയപ്പോൾ ഇന്ത്യയെ ഇംഗ്ലണ്ട് ബോളർമാർ പിടിച്ചുകെട്ടി. അവസാന 10 ഓവറിൽ 81 റൺസ് ആണ് ഇന്ത്യക്ക് നേടാനായത്. 380ന് മുകളിൽ സ്കോർ ഉയർത്താനുള്ള സാധ്യത ഇന്ത്യക്ക് മുൻപിലുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ ബാറ്റർമാർക്കായില്ല. നിർണായക ഘട്ടങ്ങളിൽ വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തി ആദിൽ റാഷിദ് ഇന്ത്യയുടെ താളം തെറ്റിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ഇന്ത്യൻ സ്കോർ ആറ് റൺസിൽ നിൽക്കെ രോഹിത് ശർമയെ മാർക്ക് വുഡ് വിക്കറ്റ് കീപ്പർ ഫിൽ സോൾട്ടിന്റെ കൈകളിൽ എത്തിച്ചു. എന്നാൽ ക്യാപ്റ്റനെ നഷ്ടമായപ്പോൾ വൈസ് ക്യാപ്റ്റൻ ടീമിനെ മുൻപിൽ നിന്ന് നയിച്ചു. തന്റെ ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയിലേക്കാണ് ഗിൽ എത്തിയത്.
View this post on InstagramA post shared by Team india (@indiancricketteam)
ഗില്ലും കോഹ്ലിയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി ഇന്ത്യയുടെ ഇന്നിങ്സിന് അടിത്തറയിട്ടു. ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നൽകി 55 പന്തിൽ നിന്ന് 52 റൺസ് ആണ് കോഹ്ലി നേടിയത്. ഏഴ് ഫോറും ഒരു സിക്സും കോഹ്ലിയിൽ നിന്ന് വന്നു. തുടരെ രണ്ടാം മത്സരത്തിലും ആദിൽ റാഷിദ് ആണ് കോഹ്ലിയെ വീഴ്ത്തിയത്.
പിന്നാലെ വന്ന ശ്രേയസ് അയ്യറിനൊപ്പവും ഗിൽ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി. 64 പന്തിൽ നിന്ന് 78 റൺസ് ആണ് ശ്രേയസ് സ്കോർ ചെയ്തത്. ആദ്യ ഏകദിനത്തിൽ കോഹ്ലിക്ക് പരുക്കേറ്റതിനെ തുടർന്ന് പ്ലേയിങ് ഇലവനിലേക്ക് എത്തിയ ശ്രേയസ് അയ്യർ മൂന്ന് ഏകദിനത്തിലും അർധ ശതകം കണ്ടെത്തി. എട്ട് ഫോറും രണ്ട് സിക്സുമാണ് ശ്രേയസിന്റെ ബാറ്റിൽ നിന്ന് വ്നത്.
ആദ്യ രണ്ട് ഏകദിനത്തിലും ബാറ്റിങ്ങിൽ മികവ് കാണിക്കാതിരുന്ന കെ എൽ രാഹുൽ ചെറിയൊരു കാമിയോയോടെ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 29 പന്തിൽ നിന്ന് 40 റൺസ് ആണ് രാഹുൽ അടിച്ചെടുത്തത്. മൂന്ന് ഫോറും ഒരു സിക്സും രാഹുലിന്റെ ബാറ്റിൽ നിന്ന് വന്നു. ഹർദിക് പാണ്ഡ്യ 9 പന്തിൽ നിന്ന് രണ്ട് സിക്സ് പറത്തി 17 റൺസോടെ പുറത്തായി.
പിന്നെ വന്ന ഒരു ഇന്ത്യൻ ബാറ്റർക്കും കാര്യമായൊന്നും ചെയ്യാനായില്ല. അക്ഷർ പട്ടേൽ 12 പന്തിൽ നിന്ന് 13 റൺസും വാഷിങ്ടൺ സുന്ദർ 14 റൺസും ഹർഷിത് റാണ 13 റൺസും അർഷ്ദീപ് സിങ് രണ്ട് റൺസും എടുത്ത് പുറത്തായി. ഇംഗ്ലണ്ട് ബോളർമാരിൽ ആദിൽ റാഷിദ് നാല് വിക്കറ്റ് വീഴ്ത്തി. മാർക്ക് വുഡ് രണ്ട് വിക്കറ്റും സാഖിബ് മഹ്മൂദ്, അറ്റ്കിൻസൻ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി. ആദിൽ റാഷിദിനും വുഡിനും അല്ലാതെ മറ്റൊരു ഇംഗ്ലണ്ട് ബോളർക്കും ഇന്ത്യയെ അലോസരപ്പെടുത്താനായില്ല.
Read More
- രഞ്ജി ട്രോഫി; കേരളത്തിന് കടക്കാൻ വലിയ കടമ്പ; ക്വാർട്ടർ ഫൈനല് ആവേശകരമായ അന്ത്യത്തിലേക്ക്
- ആഘോഷത്തിന് അതിരു നിശ്ചയിക്കുമ്പോൾ നഷ്ടമാകുന്ന ഫുട്ബോൾ
- 'നീ എന്നെ ശപിക്കുന്നുണ്ടാവും'; അന്ന് രോഹിത് പറഞ്ഞു; പന്തിനെ കാത്തിരിക്കുന്നതും സഞ്ജുവിന് സംഭവിച്ചത്?
- കളിക്കും മുൻപേ ബ്ലാസ്റ്റേഴ്സ് തോറ്റോ? മോഹൻ ബഗാന് മുൻപിൽ പേടിച്ചരണ്ട മഞ്ഞപ്പട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us