കോലാലംപൂര്‍: നായിക ഹര്‍മന്‍പ്രീത് കൗറിന്റെ ഓള്‍ റൗണ്ട് മികവില്‍ ഏഷ്യാ കപ്പ് ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. 66 റണ്‍സിനാണ് ഇന്ത്യ തായ്‌ലൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യ മൽസരത്തില്‍ മലേഷ്യയെ 142 റണ്‍സിന് തകര്‍ത്തതിന് പിന്നാലെയാണ് തായ്‌ലൻഡിനേയും ഇന്ത്യ കെട്ടുകെട്ടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തായ്‌ലൻഡിനെ 66-8 എന്ന നിലയില്‍ ഒതുക്കിയാണ് ഇന്ത്യന്‍ വിജയം. ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ് വുമണ്‍മാരെല്ലാം തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വ്വഹിച്ച മൽസരത്തിലെ ടോപ്പ് സ്‌കോറര്‍ മോണാ മെഷ്‌റം ആണ്. 45 പന്തില്‍ നിന്നും 32 റണ്‍സാണ് മോണ നേടിയത്.

എന്നാല്‍ കളിയുടെ ഗതി തിരിച്ചി വിട്ടത്. 17 പന്തില്‍ നിന്നും 27 റണ്‍സുമായി പുറത്താകാതെ നിന്ന നായിക ഹര്‍മനാണ്. 22 പന്തില്‍ നിന്നും സ്മൃതി മന്ദാന 29 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഒരു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് മന്ദാനയുടെ ഇന്നിങ്സ്.

മൂന്ന് തായ്‌ലൻഡ് താരങ്ങളെ പുറത്താക്കി ബോളിങ്ങിലും ഹര്‍മന്‍ മുന്നില്‍ നിന്ന് നയിച്ചു. വെറും 11 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍മന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയത്. കളിയിലെ താരവും ഹര്‍മനാണ്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്‌തി ശര്‍മ്മയും നിര്‍ണായക പ്രകടനം പുറത്തെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ