നാഗ്‌പൂർ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഒന്നര ദിവസം ശേഷിക്കേ ഇന്ത്യ നേടിയത് തകർപ്പൻ വിജയമാണ്. ഇന്നിങ്സിനും 239 റൺസിനും ഇന്ത്യ വിജയിച്ചപ്പോൾ രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് നേടിയ ബോളർ രവിചന്ദ്ര അശ്വിൻ തന്റെ കരിയറിൽ 300 വിക്കറ്റിന്റെ നേട്ടവും എഴുതി ചേർത്തു.

മൂന്ന് മുൻനിര ബാറ്റ്സ്‌മാന്മാരുടെ സെഞ്ചുറിയുടെയും നായകൻ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയുടെയും കരുത്തിൽ 610 റൺസാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

നാലാം ദിനം ആദ്യ സെഷനിൽ തന്നെ അതിഥികളുടെ ഏഴ് വിക്കറ്റുകൾ പിഴുത് ഇന്ത്യൻ ബോളിങ് നിര കഴിവ് തെളിയിച്ചു. രവിചന്ദ്ര അശ്വിന്റെ 300 വിക്കറ്റ് നേട്ടത്തോടെയാണ് രണ്ടാം ടെസ്റ്റ് പര്യവസാനിച്ചത്. ഇതോടെ ഇന്ത്യ ഇന്നിങ്സിനും 239 റൺസിനും വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയത്തിനൊപ്പം മറ്റൊരു വിജയം കൂടി ചേർക്കുകയായിരുന്നു ഇന്ത്യ.

ധാക്കയിൽ 2007 മെയ് 25 നാണ് ബംഗ്ലാദേശിനെ ഇന്നിങ്സിനും 239 റൺസിനും ഇന്ത്യ പരാജയപ്പെടുത്തിയത്. ഈ റെക്കോർഡാണ് ഇന്ന് പുതുക്കിയത്. ലങ്കയ്ക്ക് ഇത് തങ്ങളുടെ ഏറ്റവും കനപ്പെട്ട ടെസ്റ്റ് പരാജയമാണ്. 384 റൺസ് ലീഡാണ് നാലാം ദിനം ലങ്കയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ അഞ്ചാം ദിനത്തിലേക്ക് കളി നീട്ടാതെ ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു.

ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 300 വിക്കറ്റുകൾ നേടുന്ന താരമെന്ന ബഹുമതിയിലേക്കാണ് ഈ മത്സരത്തോടെ രവിചന്ദ്ര അശ്വിനും എത്തിയത്. ഡെന്നിസ് ലില്ലിയുടെ 56 മത്സരങ്ങളുടെ റെക്കോർഡ് അശ്വിൻ 54 മത്സരങ്ങൾ കൊണ്ട് മറികടന്ന് സ്വന്തം പേരിലാക്കി. ലങ്കൻ നിരയിലെ പത്താം വിക്കറ്റ് നേടിയാണ് ഈ ബഹുമതിയിലേക്ക് ഇന്ത്യയുടെ സ്പിൻ ബോളിങ്ങിലെ കുന്തമുന നടന്നുകയറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ