ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ അടുത്ത രണ്ടു മത്സരങ്ങളിലും ശക്തമായ തിരിച്ചടിയാണ് നൽകിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ കരുത്ത് കാട്ടി ഇന്ത്യൻ നിര രാജ്കോട്ടിലും നാഗ്‌പൂരിലും തകർപ്പൻ ജയം സ്വന്തമാക്കി പരമ്പരയും നേടി. ഇന്ത്യൻ വിജയത്തിൽ ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ഇതിഹാസ താരം ഷൊയ്ബ് അക്തർ. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ആരാണ് ബോസെന്ന് ഇന്ത്യ തെളിയിച്ചുവെന്നായിരുന്നു അക്തറിന്റെ പ്രതികരണം. ബംഗ്ലാദേശ് പഴയ അവസ്ഥയിൽ നിന്നും ഒരുപാട് മെച്ചപ്പെട്ടുവെന്നും അക്തർ അഭിപ്രായപ്പെട്ടു.

“ഇന്ത്യ തെളിയിച്ചു ആരാണ് ബോസെന്ന്. ആദ്യ ടി20 മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ശേഷം രണ്ടാം മത്സരത്തിൽ നായകൻ രോഹിത്തിന്റെ നേതൃത്വത്തിൽ ശക്തമായ തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. മൂന്നാം മത്സരം കൂടുതൽ കടുപ്പമേറിയതാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബംഗ്ലാദേശിനേക്കാൾ മികച്ച ടീമുമായി എത്തി ഇന്ത്യ ഏകപക്ഷീയമാക്കി,” അക്തർ പറഞ്ഞു. രോഹിത് മികച്ച താരമാണെന്നും ഏത് സാഹചര്യത്തിലും അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ സാധിക്കുമെന്നും അക്തർ പറഞ്ഞു.

Also Read: ‘ബുംറയെപോലെ’; തനിക്ക് ആത്മവിശ്വാസം നൽകിയത് രോഹിത്തിന്റെ ആ വാക്കുകളെന്ന് ദീപക് ചാഹർ

ബംഗ്ലാദേശ് ഇപ്പോൾ ഒരു സാധാരണ ടീമല്ലായെന്നും അക്തർ പറഞ്ഞു. ”കഴിഞ്ഞ ഒരു 20 വർഷം മുമ്പ് ബംഗ്ലാദേശ് ഇങ്ങനെയല്ലായിരുന്നു. ഏത് ടീമിനെയും വെല്ലുവിളിക്കാവുന്ന തരത്തിലേക്ക് ബംഗ്ലാദേശ് മാറിയിരിക്കുന്നു.”

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാ കടുവകള്‍ക്കായില്ല. ബംഗ്ലാദേശ് ഇന്നിങ്‌സ് 144 റണ്‍സില്‍ അവസാനിച്ചു. വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

Also Read: സഞ്ജുവിന്റെ ജന്മദിനാഘോഷം കളറാക്കി ഇന്ത്യന്‍ ടീം; ചാഹലിന് പിറന്നാളുകാരന്റെ കേക്ക് ഏറ്

രാജ്യാന്തര ടി20 മത്സരത്തിൽ ഏറ്റവും മികച്ച് ബോളിങ് പ്രകടനമായിരുന്നു ദീപക് ചാഹറിന്റേത്. ശ്രീലങ്കൻ താരം അജന്ത മെൻഡിസിന്റെ റെക്കോർഡാണ് ചാഹർ മറികടന്നത്. 2012ൽ സിംബാബ്‌വെയ്ക്കെതിരെ എട്ട് റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതും 2011ൽ ഓസ്ട്രേലിയയ്ക്കെതിരെ 16 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതുമായിരുന്നു മെൻഡിസിന്റെ മികച്ച പ്രകടനം. ഇതു ദീപക് ചാഹർ തിരുത്തിയെഴുതി.

രാജ്യാന്തര ടി20 മത്സരത്തിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപക് ചാഹർ. രാജ്യാന്തര താരങ്ങളിൽ പന്ത്രണ്ടാമനും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലെയും കണക്കെടുത്താൽ ഹാട്രിക് നേടുന്ന ഏഴമത്തെ താരമാണ് ചാഹർ. ടെസ്റ്റിൽ ഹർഭജൻ സിങ്ങും ഇർഫാൻ പഠാനും, ഏകദിനത്തിൽ ചേതൻ ശർമ്മ, കപിൽ ദേവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നീ താരങ്ങളും മാത്രമാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook