അടുത്ത വർഷം നടക്കാനിരിക്കുന്ന അണ്ടർ 23 എഎഫ്സി ഏഷ്യൻ കപ്പ് പോരാട്ടങ്ങൾക്കുള്ള യോഗ്യത മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യ. അടുത്ത മാസമാണ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നത്. തായ്‍ലൻഡാണ് 2020 അണ്ടർ 23 ഏഷ്യൻ കപ്പിന് വേദിയാകുന്നത്.

യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേയ്ക്ക് ക്ഷണം കാത്തിരിക്കുന്നത് മൂന്ന് മലയാളി താരങ്ങളാണ്. ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായ ആഷിഖ് കുരുണിയൻ, ഫിഫ അണ്ടർ 17 ലോകകപ്പ് കളിച്ച മലയാളി താരം രാഹുൽ, കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബദുൾ സമദ് എന്നിവരാണ് പട്ടികയിലുള്ളത്. മൂന്ന് പേർക്കും ടീമിലിടം ലഭിക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകളും.

മികച്ച പ്രകടനമാണ് ഇന്ത്യൻ കുപ്പായത്തിൽ ആഷിഖ് കുരുണിയൻ പുറത്തെടുക്കുന്നത്. സാഫ് കപ്പിലും സീനിയർ ഏഷ്യൻ കപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ആഷിഖ് മികച്ച ഫോമിൽ തുടരുന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ഏഷ്യൻ കപ്പിൽ മുന്നേറ്റ നിരയിലായിരുന്നു ആഷിഖ് കളിച്ചത് എന്നതും ശ്രദ്ധേയമാണ്.

അണ്ടർ 17 ലോകകപ്പിൽ മികച്ച ഒരുപിടി നീക്കങ്ങളിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് രാഹുൽ. ഇന്ത്യൻ അണ്ടർ 20 ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള ഈ പതിനെട്ടുകാരാൻ ഏഷ്യൻ കപ്പിനുള്ള ടീമിലും ഇടംപിടിയ്ക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ താരമാണ് രാഹുൽ.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് ദേശീയ ടീമിലേയ്ക്കുള്ള സഹലിന്റെ പ്രവേശനത്തിന് പിന്തുണ നൽകുന്നത്. കഴിഞ്ഞ ഏഷ്യൻ കപ്പിനുള്ള സീനിയർ ടീമിന്റെ സാധ്യത പട്ടികയിൽ ഇടംപിടിച്ച സഹലിന് എന്നാൽ അന്തിമ ടീമിന്രെ ഭാഗമാകാൻ കഴിഞ്ഞില്ല. ഇക്കുറി സഹൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ ധീരജ് സിങ്, ഇന്ത്യൻ സീനിയർ ടീമിലെ സ്ഥിര സാന്നിധ്യം അനിരുദ്ധ് ഥാപ, കൊൽക്കത്ത താരം കോമാൾ തട്ടാൽ എന്നിവരും ടീമിന്റെ ഭാഗമാകും.

2020 എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിക്കാൻ വിവിധ ഗ്രൂപ്പുകളിലായി 44 ടീമുകളാണ് യോഗ്യത മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. അടുത്ത മാസം 22 മുതല്‍ 26 വരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍. യോഗ്യതറൗണ്ടില്‍ ഇന്ത്യയ്‌ക്കൊപ്പം ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, പാക്കിസ്ഥാന്‍ ടീമുകളാണുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ നേരിട്ടു യോഗ്യത നേടുമ്പോള്‍ മികച്ച നാലു രണ്ടാം സ്ഥാനക്കാരും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ