മുംബൈ: സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് നേപ്പാളിനെ നേരിടും. മുംബൈ ഫുട്ബോൾ അരീനയിൽ വച്ച് നടക്കുന്ന മത്സരം വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്. സ്റ്റാർ സ്പോട്സിൽ തത്സമയ മത്സരതത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. നേപ്പാളിന് എതിരായ മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിക്കില്ല.

ഫിഫ റാങ്കിങ്ങിൽ കഴിഞ്ഞ 2 പതിറ്റാണ്ടിലെ ഏറ്റവും മികച്ച സ്ഥാനത്താണ് ഇന്ത്യയുള്ളത്. റാങ്കിങ്ങിൽ നൂറാം സ്ഥാനത്തുള്ള ഇന്ത്യൻ ടീമിന് ഈ നേട്ടം തന്നെയാകും മത്സരത്തിൽ കരുത്ത് പകരുക. ഫിഫ റാങ്കിങ്ങിൽ 169 സ്ഥാനത്താണ് നേപ്പാൾ ഉള്ളത്. 18 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 12 തവണയും ഇന്ത്യക്കൊപ്പമായിരിന്നു വിജയം. 4 തവണ സമനിലയിൽ പിരിഞ്ഞപ്പോൾ 2 തവണ നേപ്പാൾ വിജയം കണ്ടു.

സന്ദേഷ് ജിംഗാൻ നേത്രത്വം നൽകുന്ന പ്രതിരോധനിരയിൽ മലയാളി സാന്നിധ്യമായി അനസ് എടത്തൊടിക ഉണ്ടാകും. പ്രീതം കോട്ടലും , നരായൺ ദാസുമായിരിക്കും ഇന്ത്യയുടെ മറ്റ് പ്രതിരോധഭടൻമാർ. യുവരക്തങ്ങളായ യൂജിൻസൺ ലിങ്തോയും ജാക്കിചന്ദുമായിരിക്കും മധ്യനിരയിൽ ഇന്ത്യയുടെ കളിനിയന്ത്രിക്കുക. ഛേത്രിക്ക് പകരം റോബിൻ സിങായിരിക്കും അന്തിമ ഇലവനിൽ ഇടംപിടിക്കുക. ഗോളടിക്കാൻ ജെജെ ലാൽപെഖൂലയും ഇന്ത്യൻ നിരയിൽ ഉണ്ടാകും.

റാങ്കിങ്ങിൽ പിന്നിലാണെങ്കിലും നേപ്പാൾ കടുത്തവെല്ലുവിളി നൽകുമെന്നാണ് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാന്റിനെ പറഞ്ഞു. ഭൂകമ്പത്തിന് ശേഷം കളിക്കാൻ മൈതാനം പോലും ഇല്ലാത്ത തങ്ങൾ ജയത്തിനായി മാത്രമാണ് കളിക്കുന്നത് എന്നും നേപ്പാൾ പരിശീലകൻ കോജി ജ്യോയോട്ടുക്കു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ