“ചെറിയ നിമിഷത്തെ അശ്രദ്ധ. അതിലാണ് ഇന്ത്യയ്ക്ക് ഫിഫ ലോകകപ്പിലെ വിലപ്പെട്ട ഒരു പോയിന്റ് നഷ്ടമായത്”, ഇത് പറയുമ്പോഴും ഇന്ത്യൻ കോച്ച് ഡീ മാറ്റോസ് നിരാശനല്ല. കന്നി ലോകകപ്പിനിറങ്ങിയ ഇന്ത്യയുടെ കൗമാരപ്പട കോച്ചിന്റെയും കോടിക്കണക്കിന് ആരാധകരുടെയും അഭിമാനം ഉയർത്തിപ്പിടിച്ചാണ് ആദ്യ രണ്ട് മത്സരങ്ങളും കളിച്ചത്. കൊളംബിയക്കെതിരെ സമനില പിടിക്കാമായിരുന്നെങ്കിലും തോറ്റ് നിരാശയോടെ മടങ്ങിയ താരങ്ങളെ ചേർത്ത് പിടിച്ച് “പോട്ടടാ മക്കളേ, ഈ കളിക്കളത്തിലെ നാളത്തെ താരങ്ങൾ നമ്മൾ തന്നെയാണ്” എന്ന് പറയാൻ കോച്ച് ഡി മാറ്റോസിന് സാധിക്കുന്നിടത്താണ് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയും ഉള്ളത്.

ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീം കോച്ച് ഡി മാറ്റോസ്

അതെ, താരതമ്യേന ചെറു ടീമായിരുന്നിട്ട് കൂടി, ഇന്ത്യ അമേരിക്കയോടും കൊളംബിയയോടും ആക്രമിച്ച് തന്നെ കളിച്ചു. മൂന്ന് ഗോളടിച്ച അമേരിക്ക കളി അവസാനിക്കുവോളം അനായാസ വിജയം സ്വപ്നം കണ്ടിരുന്നില്ല. അത്ര കണ്ട് മൂർച്ചയേറിയ മുന്നേറ്റങ്ങളാണ് ഇന്ത്യൻ താരം കോമൾ തട്ടാൽ നടത്തിയത്. 4-3-3 ഫോർമേഷനിൽ ആക്രമണം തന്നെയാണ് അമേരിക്കയ്ക്ക് എതിരെ ഇന്ത്യ പുറത്തെടുത്തതും.

എന്നാൽ ശാരീരകക്ഷമതയിൽ ഏറെ മുന്നിലുള്ള, താരതമ്യേന മികച്ച ടീമുമായ കൊളംബിയയെ എതിരിടുമ്പോൾ ഇന്ത്യ കളം മാറ്റി ചവിട്ടി. പ്രത്യാക്രമണം നടത്താനുള്ള കൊളംബിയയുടെ ശേഷിയെ തന്നെയാണ് ഡി മാറ്റോസ് ഭയന്നത്. അതുകൊണ്ട് തന്നെ പ്രതിരോധത്തിലൂന്നിയ ഗെയിം പ്ലാനായിരുന്നു ഇന്ത്യയുടെ നീക്കം. തക്കം കിട്ടുമ്പോൾ എതിരാളിയുടെ ബോക്സിനകത്തേക്ക് കൂട്ടത്തോടെ കുതിച്ചെത്തി ആക്രമിക്കാനുള്ള ശ്രമം ആയി ഇന്ത്യയുടേത്. കൊളംബിയ വിറങ്ങലിച്ച് നിന്ന അനേകം നീക്കങ്ങൾ ഇതിലൂടെ ഇന്ത്യ നേടിയെടുത്തു.

എന്നാൽ ഗോൾ നേടിയ 82-ാം മിനിറ്റിൽ നിമിഷാർദ്ധ നേരത്തേക്ക് താരങ്ങൾ തങ്ങളുടെ പ്രതിരോധത്തിലൂന്നിയ കളിയിൽ അയവു വരുത്തിയതോടെ കൊളംബിയ വിജയഗോൾ നേടുകയും ചെയ്തു. ഫിഫ ലോകകപ്പിൽ ആദ്യമായി ബൂട്ടണിഞ്ഞ ഇന്ത്യയെ ആ ഒറ്റ ഗോളിന്റെയോ അമേരിക്കയുടെ മൂന്ന് ഗോളിന്റെയോ പേരിൽ എഴുതി തള്ളേണ്ടതില്ല.

ഇന്നലത്തെ കളിക്ക് ശേഷം ഇന്ത്യൻ താരം അഭിജിത്ത് സർക്കാരിനെ ആശ്ലേഷിക്കുന്ന ആരാധകർ

കാൽപ്പന്ത് കളിയിൽ നേർക്കുനേരുള്ള പോരാട്ടമാണ്. എതിരാളി വലിയവനാണെങ്കിൽ കുഞ്ഞൻ ടീമുകളെല്ലാം സമ്മർദ്ദത്തിന് കീഴ്‌പ്പെടുന്നത് സാധാരണം. ഉയരവും ശാരീരികക്ഷമതയും കൂടുതലായുള്ള കൊളംബിയയുടെയും അമേരിക്കയുടെയും താരങ്ങൾ കളിമികവിലും ഇന്ത്യയേക്കാൾ മുന്നിലാണ്.

ആതിഥേയ ടീമെന്ന നിലയിൽ ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം നേടിയ ഇന്ത്യ, വമ്പൻ ടീമുകളെ സംബന്ധിച്ച് എളുപ്പത്തിൽ പരാജയപ്പെടുത്താവുന്ന ടീമെന്ന തോന്നൽ തെറ്റിച്ചു. ഈ നിലയ്ക്ക് നോക്കുമ്പോൾ ആദ്യ രണ്ട് മത്സരത്തിലും തോറ്റെങ്കിലും എതിരാളികളുടെ കൈയ്യടി വാങ്ങാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

4-4-1-1 എന്ന കളിശൈലിയാണ് കൊളംബിയക്കെതിരെ ഇന്ത്യ സ്വീകരിച്ചത്. പ്രതിരോധം കൂടുതൽ ശ്രദ്ധിച്ചപ്പോൾ കളിസമയത്തിന്റെ 28 ശതമാനം മാത്രമാണ് പന്ത് കൈവശം വയ്ക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചത്. ഗോൾകീപ്പർ ധീരജിന്റെ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ്. ഗോളെന്ന് തോന്നിപ്പിച്ച കൊളംബിയയുടെ അനേകം നീക്കങ്ങൾ തട്ടിത്തെറിപ്പിച്ച് ധീരജ് ഇന്ത്യയെ പലവട്ടം രക്ഷിച്ചു. മലയാളി താരം കെ.പി.രാഹുലിന്റെ ഇടംകാലൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ കൊളംബിയൻ താരങ്ങൾ നെടുവീർപ്പിട്ടു.

ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ ഇന്ത്യ വൻശക്തിയായി നാളെ ഉയരുമെന്ന പ്രതീക്ഷകൾക്ക് കരുത്തേകുകയാണ് ഈ കൗമാരപ്പട. പ്രതിസന്ധികളിൽ പതറാതെ, മുന്നോട്ട് കുതിക്കാനും ആക്രമിക്കാനും വെട്ടിപ്പിടിക്കാനും ഉണ്ടെന്ന ബോധ്യം അവരുടെ ഓരോ പേരുടെയും കാലുകൾക്ക് കരുത്തേകുകയാണ്. ഈ ഇന്ത്യയെ നിങ്ങൾ കരുതിവച്ചോളൂ, ഇവരുടെ കാലൊപ്പുകൾ ലോകഫുട്ബോൾ മൈതാനത്ത് പതിയും. അത് തീർച്ചയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ