തിരുവനന്തപുരം: ലോക ഒന്നാം നമ്പർ ടീമിനെ തറപറ്റിച്ച് ടീം ഇന്ത്യ ടി ട്വന്റി കിരീടവും നേടി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിലയ്ക്കാതെ ഉയർന്ന ആരവങ്ങൾക്ക് നടുവിൽ താരങ്ങൾ മതിമറന്നാഘോഷിച്ചു. മഴ വില്ലനായെത്തിയിട്ടും മിനിറ്റുകൾക്കുള്ളിൽ വെള്ളക്കെട്ടുകൾ മാറ്റി മൈതാനം പൂർണ സജ്ജമായപ്പോൾ അമ്പരന്നതിനെ പറ്റി ഇരു ടീമിന്റെയും നായകന്മാർ പിന്നീട് വിശദീകരിച്ചു.

“എന്തൊരു അദ്ഭുതപ്പെടുത്തുന്ന സ്റ്റേഡിയമാണിത്. ഗ്രൗണ്ട് സ്റ്റാഫിനെ അഭിനന്ദിക്കാതെ വയ്യ. എത്ര വേഗമാണ് ശക്തമായ മഴയിൽ മൈതാനം നിറഞ്ഞ വെള്ളം അവർ പുറത്തെത്തിച്ചത്. ക്ഷമയോടെ കാത്തിരുന്ന കാണികളും മനസിന് സന്തോഷം പകരുന്നു”, കീവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ പറഞ്ഞു.

“എന്തുകൊണ്ടാണ് ഇവിടെ നേരത്തെ മത്സരം നടക്കാതിരുന്നതെന്നാണ് താൻ ആശ്ചര്യപ്പെടുന്നത്. വിസ്മയിപ്പിക്കുന്നതാണ് ഇവിടുത്തെ ആൾക്കൂട്ടവും സ്റ്റേഡിയവും. മഴ പെയ്തത് കണ്ടപ്പോൾ മത്സരം നടക്കില്ലെന്നാണ് താൻ കരുതിയത്. എന്നാൽ ഔട്ട്ഫീൽഡ് മികച്ചതായിരുന്നു. ഗ്രൗണ്ട് സ്റ്റാഫ് ആത്മാർത്ഥമായി പരിശ്രമിച്ചു”, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഫുൾ മാർക്ക് നൽകി.

ഇന്ത്യയിലെ കളി മൈതാനങ്ങളിൽ തന്നെ മികച്ചതെന്ന പെരുമയിലേക്കാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒറ്റ ദിവസം കൊണ്ട് പേരെടുത്തത്. ശക്തമായ മഴയെ അതിജീവിച്ച് കളി നടത്താനായി എന്നതാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് അനുകൂലമായ ഘടകം. ശക്തമായ മഴ പെയ്തിട്ടും മൈതാനത്ത് കെട്ടി നിന്ന വെള്ളം വളരെ വേഗത്തിൽ ഒഴുക്കി കളയാൻ സാധിച്ചത് അത്യാധുനിക രീതിയിലുള്ള ഡ്രെയിനേജ് സംവിധാനത്തിലൂടെയാണ്. ഇതാണ് താരങ്ങൾക്കും ക്രിക്കറ്റ് ബോർഡുകൾക്കും സന്തോഷം പകർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ