ഓക്‌ലൻഡ്:  രാഹുലും ശ്രേയസും ഒരിക്കൽ കൂടി ക്രീസിൽ തിളങ്ങിയപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ടി20 ജയം. ആതിഥേയർ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. കിവികളെ 132 റൺസിന് പിടിച്ചുകെട്ടിയ ഇന്ത്യയുടെ ജയം 2.3 ഓവർ ബാക്കി നിർത്തിയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 2-0ന് ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ്.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ പായിച്ച് രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും അതേ ഓവറിന്റെ അവസാന പന്തിൽ താരം പുറത്തായി. പിന്നലെയെത്തിയ കോഹ്‌ലി 11 റൺസിന് പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച രാഹുലും ശ്രേയസും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു.

നിരന്തരം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അർധ സെഞ്ചുറിക്ക് ആറ് റൺസകലെ ശ്രേയസ് വീണെങ്കിലും ടിം സൗത്തിയെ സിക്സർ പായിച്ച് ദുബെ വിജയലക്ഷ്യം താണ്ടി. 50 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 57 റൺസ് രാഹുൽ അടിച്ചെടുത്തപ്പോൾ 33 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 44 റൺസായിരുന്നു ശ്രേയസിന്റെ സമ്പാദ്യം.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 133 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് സ്വന്തമാക്കിയത്.

india, new zealand, ie malayalam

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡിന് വേണ്ടി ഭേദപ്പെട്ട തുടക്കം സമ്മാനിക്കാൻ കിവിസ് ഓപ്പണർമാർക്കായി. എന്നാൽ മാർട്ടിൻ ഗുപ്റ്റിലിനെ ഷാർദുൽ ഠാക്കൂർ പുറത്താക്കിയതോടെ ന്യൂസിലൻഡ് തകർച്ചയ്ക്കും തുടക്കമായി. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് വീഴ്ത്താനും റൺസ് നിയന്ത്രിക്കാനും സാധിച്ചതോടെ ആതിഥേയർ ചെറിയ സ്കോറിലേക്ക് ചുരുങ്ങിയത്.

india, new zealand, ie malayalam

33 റൺസ് വീതം നേടിയ മാർട്ടിൻ ഗുപ്റ്റിലും ടിം സെയ്ഫർട്ടുമാണ് ന്യൂസിലൻഡ് നിരയിലെ ടോപ്പ് സ്കോറർമാർ. കോളിൻ മുൻറോ 26 റൺസും റോസ് ടെയ്‌ലർ 18 റൺസും നേടി. നായകൻ വില്യംസണിന്റെ ഇന്നിങ്സ് 14 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഠാക്കൂർ, ബുംറ, ദുബെ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook