ഹാമിൽട്ടൺ: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. 348 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 48.1 ഓവറിൽ ലക്ഷ്യം കണ്ടു. റോസ് ടെയ്ലറാണ് ന്യൂസിലൻഡിന്റെ വിജയശിൽപി. ടെയ്ലർ പുറത്താവാതെ 109 റൺസെടുത്തു.
മാർട്ടിൻ ഗുപ്റ്റിലും നിക്കോളാസും ചേർന്നുളള ഓപ്പണിങ് കൂട്ടുകെട്ട് ന്യൂസിലൻഡിന് മികച്ച തുടക്കമാണ് നൽകിയത്. 16-ാം ഓവറിലാണ് ന്യൂസിലൻഡിന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. 32 റൺസെടുത്ത ഗുപ്റ്റിലിന്റെ വിക്കറ്റ് ഷാർദുൽ താക്കൂറാണ് വീഴ്ത്തിയത്. മൂന്നാമനായി ഇറങ്ങിയ ബ്ലൻഡൽ 9 റൺസെടുത്ത് പുറത്തായി. പിന്നീട് എത്തിയ ടെയ്ലറാണ് കിവീസിന്റെ രക്ഷകനായാത്.
നിക്കോളാസും ടെയ്ലറും ചേർന്നുളള കൂട്ടുകെട്ടിൽ ന്യൂസിലൻഡിന്റെ സ്കോർ കുതിച്ചു. നിക്കോളാസ് അർധ സെഞ്ചുറി തികച്ചു. പിന്നീട് ടെയ്ലറും. 78 റൺസെടുത്ത നിക്കോളാസിനെ കോഹ്ലി റൺഔട്ടിലൂടെ പുറത്താക്കിയപ്പോഴാണ് കൂട്ടുകെട്ട് തകർന്നത്. പിന്നീട് ടെയ്ലറും ലാതവും ചേർന്നുളള കൂട്ടുകെട്ട് വീണ്ടും സ്കോർ ഉയർത്തി. സിക്സും ഫോറും ഉയർത്തി ഇരുവരും ഇന്ത്യൻ ബോളർമാരെ വെളളം കുടിപ്പിച്ചു. ഇതിനകം ടെയ്ലർ സെഞ്ചുറിയും ലാതം അർധ സെഞ്ചുറിയും തികച്ചു. 69 റൺസെടുത്ത് ലാതം പുറത്തായെങ്കിലും ടെയ്ലർ വാലറ്റക്കാരെ കൂട്ടുപിടിച്ച് ന്യൂസിലൻഡിനെ വിജയതീരത്തേക്ക് എത്തിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി ശ്രേയസ് അയ്യർ സെഞ്ചുറി നേടി. ഏകദിന കരിയറിലെ കന്നി സെഞ്ചുറിയാണ് ശ്രേയസ് അയ്യർ ഇന്ന് ഹാമിൽട്ടനിൽ നേടിയത്. 107 പന്തിൽ നിന്ന് 103 റൺസാണ് അയ്യർ നേടിയത്. 11 ഫോറും ഒരു സിക്സും അടക്കമാണ് അയ്യരുടെ സെഞ്ചുറി. കരിയറിലെ 16-ാം ഏകദിന മത്സരത്തിലാണ് ശ്രേയസ് അയ്യർ ആദ്യ മൂന്നക്കം തികയ്ക്കുന്നത്. ഇതുവരെ ഏഴ് അർധ സെഞ്ചുറികൾ അയ്യർ നേടിയിട്ടുണ്ട്.
കെ.എൽ.രാഹുൽ 64 പന്തിൽ നിന്ന് 88 റൺസുമായി പുറത്താകാതെ നിന്നു. ആറ് സിക്സും മൂന്ന് ഫോറും അടക്കമാണ് രാഹുൽ 88 റൺസ് അടിച്ചുകൂട്ടിയത്. നായകൻ വിരാട് കോഹ്ലി 63 പന്തിൽ നിന്ന് 51 റൺസ് നേടി പുറത്തായി. കേദാർ ജാദവ് 16 പന്തിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്നു.
ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ്. ഇരുവരുടെയും കന്നി ഏകദിനമാണ് ഹാമിൽട്ടനിൽ നടക്കുന്നത്. പൃഥ്വി ഷാ 20 റൺസും മായങ്ക് അഗർവാൾ 32 റൺസും നേടിയാണ് പുറത്തായത്.
മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ഏറ്റുമുട്ടിയതിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ എത്തിയത്.