ഓക്‌ലൻഡ്: രാഹുൽ തുടങ്ങിവച്ച വെടിക്കെട്ട് ശ്രേയസ് അയ്യർ ഒരു ഓവർ ബാക്കി നിർത്തി അവസാനിപ്പിച്ചതോടെ ന്യൂസിലൻഡ് പര്യടനം ജയിച്ച് തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ന്യൂസിലൻഡ് 204 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും ശ്രേയസ് അയ്യരും തന്നെയാണ് ഇന്ത്യൻ വിജയ ശിൽപികൾ. ന്യൂസിലൻഡ് നിരയിൽ മൂന്ന് താരങ്ങളാണ് അർധസെഞ്ചുറി തികച്ചത്. ഇതാണ് ആതിഥേയരെ കൂറ്റൻ സ്കോറിലെത്തിച്ചതും.

മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി ഇന്ത്യ-ന്യൂസിലൻഡ് താരങ്ങൾ ചേർന്ന് സ്വന്തമാക്കി. ഒരു മത്സരത്തിൽ അഞ്ച് താരങ്ങൾ അർധസെഞ്ചുറി നേടുന്നത് കുട്ടിക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്രയും താരങ്ങൾ ഒരു മത്സരത്തിൽ അർധസെഞ്ചുറി നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി കോളിൻ മുൻറോ (59), കെയ്ൻ വില്യാംസൺ (51), റോസ് ടെയ്‌ലർ (54*) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ അതിവേഗ അർധസെഞ്ചുറികളുമായി കെ.എൽ.രാഹുലും(56) ശ്രേയസ് അയ്യരും (58*) ഇന്ത്യയെ നയിച്ചു.

Also Read: അതിർത്തിയറിയുന്ന കാവൽക്കാരൻ; കാണികളെ ഞെട്ടിച്ച് രോഹിത്തിന്റെ മനോഹര ക്യാച്ച്

ചെറിയ ബൗണ്ടറിയിൽ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ റൺമഴ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. രണ്ട് ടീമിലേയും ബോളർമാർ തല്ലുവാങ്ങി കൂട്ടിയപ്പോൾ ബാറ്റിങ് നിര തിളങ്ങി. രണ്ട് ഇന്നിങ്സുകളിലുമായി 40 ഓവറിൽ പിറന്നത് 407 റൺസാണ്. വീണതാകട്ടെ ഒമ്പത് വിക്കറ്റുകൾ മാത്രവും.

Also Read: ടെസ്റ്റ് റാങ്കിങ്ങിൽ ‘വീര’ ആധിപത്യം തുടർന്ന് കോഹ്‌ലി; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെ

ആറു വിക്കറ്റിനായിരുന്നു ആതിഥേയർക്കെതിരെ സന്ദർശകരുടെ വിജയം.കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഏഴ് റൺസുമായി വെടിക്കെട്ട് വീരൻ രോഹിത് ശർമ കൂടാരം കയറി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ – കോഹ്‌ലി സഖ്യം ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകു നൽകി.

Also Read: വിക്കറ്റ് കീപ്പറായി രാഹുലെത്തുന്നത് സഞ്ജുവിന്റെ സാധ്യതകൾക്ക് തിരിച്ചടിയോ?

സെഞ്ചുറിക്കടുത്ത് വരെയെത്തിയ കൂട്ടുകെട്ട് തകർത്തത് രാഹുലിനെ പുറത്താക്കി കൊണ്ട് ഇഷ് സോദിയായിരുന്നു. 27 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പടെ 56 റൺസെടുത്ത ശേഷമാണ് രാഹുൽ മടങ്ങിയത്. 28 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 58 റൺസുമായി തിളങ്ങിയ ശ്രേയസ് ഇന്ത്യയെ വിജയത്തിലേക്കും നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook