ബേ ഓവൽ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് തോൽവി. അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 47.1 ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ സ്വന്തമാക്കി.  ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 296 റൺസ് നേടി. ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിനാണ് ന്യൂസിലൻഡ് ജയിച്ചത്. രണ്ടാം ഏകദിനത്തിൽ 22 റൺസിനായിരുന്നു വിജയം. നാണക്കേട് അകറ്റാൻ അവസാന ഏകദിനത്തിൽ ജയം തേടി ഇറങ്ങിയ ഇന്ത്യയ്‌ക്ക് കിവീസ് വീണ്ടും തിരിച്ചടി നൽകുകയായിരുന്നു.  അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ നേരത്തെ തൂത്തുവാരിയിരുന്നു.

Read Also: സ്വർണവില കുറഞ്ഞു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാരായ മാർട്ടിൻ ഗുപ്‌റ്റിലും (66) ഹെൻറി നിക്കോളാസും (80) മികച്ച തുടക്കം നൽകി. അവസാന ഓവറിൽ തകർത്തടിച്ച കോളിൻ ഗ്രാൻഹോം ആണ് കിവീസിനു അനായാസ വിജയം സമ്മാനിച്ചത്. 28 പന്തിൽ നിന്നാണ് ഗ്രാൻഹോം പുറത്താകാതെ 58 റൺസ് നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും അടക്കമാണിത്. ഇന്ത്യയ്‌ക്കുവേണ്ടി യുസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് നേടി.

Read Also: രംഭ, മേനക, ഉർവശിമാർ മുന്നിൽ വന്നു തുള്ളിച്ചാടിയാലും എന്നെ തൊടാൻ പറ്റില്ല; ഇനിയൊരു വിവാഹം വേണ്ടെന്ന് രജിത്ത് കുമാർ

ഇന്ത്യയ്‌ക്കുവേണ്ടി കെ.എൽ.രാഹുൽ സെഞ്ചുറി നേടി. അഞ്ചാമനായി ഇറങ്ങിയ രാഹുൽ 113 പന്തിൽ നിന്ന് ഒൻപത് ഫോറും രണ്ട് സിക്‌സുമായി 112 റൺസ് നേടി. ഏകദിന കരിയറിലെ നാലാം സെഞ്ചുറിയാണ് രാഹുൽ ഇന്നു നേടിയത്. ശ്രേയസ് അയ്യർ (62), മനീഷ് പാണ്ഡെ (42), പൃഥ്വി ഷാ (40) എന്നിവരും ഇന്ത്യയ്‌ക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്ക് ഒൻപത് റൺസെടുക്കാനേ സാധിച്ചുള്ളൂ. ന്യൂസിലൻഡിനുവേണ്ടി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook