കെഎൽ രാഹുൽ ഓപ്പണറാണോ മധ്യനിര ബാറ്ററോയെന്ന് ടീം തീരുമാനിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ പേസർ അഗാർക്കർ. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ അജിത് അഗാർക്കറും ആകാശ് ചോപ്രയും സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാനിൽ സംസാരിക്കുന്നതിനിടയിലാണ് പരാമർശം. കെ എൽ രാഹുലിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും മുന്നോട്ടുള്ള കടമയെക്കുറിച്ചും കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും ടീമിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചും അവർ സംസാരിച്ചു.
“ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ക്യാപ്റ്റനായിരുന്നു അദ്ദേഹമാണ് ഓപ്പൺ ചെയ്തത്. അതുകൊണ്ട്, അദ്ദേഹം ഓപ്പണറാണോ അതോ മധ്യനിര ബാറ്റ്സ്മാനാണോ എന്നാണ് ടീം ആദ്യം തീരുമാനിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു, മധ്യനിരയിൽ നന്നായി കളിക്കുന്ന അദ്ദേഹം ഓപ്പൺ ചെയ്തത് എന്നെ വിഷമിപ്പിച്ചു,” അഗാർക്കർ പറഞ്ഞു.
“ഒരു ഓപ്പണറാകാൻ പോകുകയാണെങ്കിൽ ആ തീരുമാനത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്, ഒപ്പം പരമ്പരയിൽ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ആരംഭിക്കാനും കഴിയും. അത് കാണാൻ രസകരമായിരിക്കും, കാരണം ശിഖർ ധവാനും അവിടെയുണ്ട്, ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയിൽ റൺസ് നേടിയിട്ടുണ്ടെങ്കിലും ഒന്നര വർഷത്തിനുള്ളിൽ അദ്ദേഹം എവിടെയായിരിക്കുമെന്ന് എനിക്ക് ഉറപ്പില്ല. ഇഷാൻ കിഷനെപ്പോലെയോ അല്ലെങ്കിൽ ഋഷഭ് പന്തിനെപ്പോലേ ഏതാനും സ്‌ഫോടനാത്മക കളിക്കാരെ നമുക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് അദേഹത്തിന് ടോപ് ഓർഡറിൽ അവസരം നൽകിയാൽ അത് ശരിയാകുമോ എന്ന് ആർക്കറിയാം”അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കോവിഡ് തരംഗം കുറയുന്നു, ഈ വർഷത്തെ ഐപിഎൽ ഇന്ത്യയിൽ നടത്താൻ സാധ്യത
അതേസമയം, കുൽദീപ്-ചഹൽ സഖ്യം വീണ്ടും ശക്തമാകേണ്ടതുണ്ടെന്ന് ചോപ്ര പറഞ്ഞു, “അവർ അങ്ങനെയാണെങ്കിൽ കുൽദീപ് യാദവിനെ തിരഞ്ഞെടുക്കില്ലായിരുന്നു, കഴിഞ്ഞ ആറ് മാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ആ ബർമിംഗ്ഹാം ഗെയിം, അതിനു ശേഷം അയാൾക്ക് ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. മധ്യ ഓവറുകളിൽ ടീം വിക്കറ്റുകൾ എടുക്കുന്നില്ല എന്ന ലളിതമായ കാരണത്താലാണ് അവർ അവനെ തിരിച്ചെടുത്തത്.” അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ആറ് ഞായറാഴ്ച മുതലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ആരംഭിക്കുന്നത്.