ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ സതംപ്ടണിൽ ആരംഭിക്കാനിരിക്കെ കളി ജയിക്കാൻ ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി. പരമ്പരയിൽ ജീവൻ നിലനിർത്താൻ​ ഇന്ത്യയ്ക്ക് സതംപ്ടണിൽ ജയിച്ചേ മതിയാകൂ. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ മൂന്നാം ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിന് സഹായകമായത് ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതാണെന്നാണ് ദാദയുടെ പക്ഷം. അതേ തന്ത്രം സതംപ്ടണിലും പ്രയോഗിക്കാനായാൽ ഇന്ത്യൻ വിജയം തിർച്ചയാണെന്ന് മുൻ ക്യപ്റ്റൻ ഉറപ്പു പറയുന്നു. ഒപ്പം സീനിയർ താരങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റന് പറഞ്ഞു നൽകുന്നു.

ഗാംഗുലിയുടെ വാക്കുകൾ ഇങ്ങനെ – “തീർച്ചയായും ഇന്ത്യക്ക് പരമ്പര നേടാനാകും. പരമ്പരയിൽ ശക്തമായ തിരിച്ചുവരവിന് ഇന്ത്യൻ ടീമിന് ലഭിച്ച മികച്ച അവസരമാണിത്. പക്ഷെ അതിന് ഇംഗ്ലിഷ് ബാറ്റ്സ്മാന്മാരിൽ സമ്മർദ്ദം സൃഷ്ടിക്കണം. മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് നിർണ്ണായകമായി. അത് തന്നെ ഇനിയും ആവർത്തിക്കണം, ഇംഗ്ലിഷ് താരങ്ങളിൽ സമ്മർദ്ദം സൃഷ്ടിക്കുക. അവർ മികച്ച ഫോമിലല്ല അത് ഇന്ത്യൻ ടീം മുതലെടുക്കണം.”

കായിക ലോകത്തുനിന്നും ഗാംഗുലിയെയും കോഹ്‍ലിയെയും താരതമ്യം ചെയ്തുകൊണ്ട് പലരും മുമ്പോട്ട് വന്നിരുന്നു. എന്നാൽ കോഹ്‍ലിയിൽ നിന്ന് ഗാംഗുലിയെ വ്യത്യസ്തനാക്കുന്നത് ടീമിന് മേലുള്ള നിയന്ത്രണവും ഇടപെടലുമാണ്. സച്ചിനും ദ്രാവിഡും വി.വി.എസ്.ലക്ഷമണും അനിൽ കുംബ്ലെയും അടങ്ങുന്ന അതികായകരെയും യുവതാരങ്ങളായി ടീമിലുണ്ടായിരുന്ന സെവാഗ്, ഹർഭജൻ സിങ്, സഹിർ ഖാൻ, ആശിഷ് നെഹ്‌റ എന്നിവരെയും അവരുടെ കഴിവിനൊത്ത് കളിക്കാൻ ഗാംഗുലിയെന്ന ക്യപ്റ്റന്റെ നേതൃത്വഗുണം സഹായകമായിരുന്നു.

അതേ തന്ത്രമാണ് ടീമിലെ സീനിയർ താരങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിലും ഗാംഗുലിക്ക് നൽകാനുള്ള ഉപദേശം. അജിങ്ക്യ രഹാനയെ എടുത്ത് പറഞ്ഞായിരുന്നു ദാദയുടെ നിർദ്ദേശം. “ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ മധ്യനിരയിൽ രഹാനെ നിർണ്ണായക സാനിധ്യമാണ്. ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ട് ടെസ്റ്റിലേക്ക് വരുമ്പോൾ അതിന് പറ്റിയില്ലെങ്കിൽ രഹാനയുടെ ആത്മ വിശ്വാസത്തെ അത് തളർത്തും. ഇവിടെയാണ് കോഹ്‍ലി എന്ന ക്യാപ്റ്റൻ പ്രവർത്തിക്കേണ്ടത്. അദ്ദേഹത്തിൽ ആത്മവിശ്വാസം വളർത്തുന്ന തരത്തിൽ വേണം കോഹ്‍ലി ഇടപഴകുവാൻ” ഗാംഗുലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook