ടി20 കളിച്ചുതുടങ്ങിയ ശേഷം ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയമായിരുന്നു ഇന്നലെ കട്ടക്കിൽ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റൺസെടുത്ത ശേഷം ലങ്കയെ 87 റണ്ണിന് ഓൾ ഔട്ടാക്കി 93 റൺസിന്റെ വിജയം ആഘോഷിച്ചു.

അവസാന 34 പന്തിൽ 68 റൺസ് അടിച്ചുകൂട്ടിയ ധോണി-മനേഷ് പാണ്ഡെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 180 ലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത് ലോകേഷ് രാഹുലിന്റെ അർദ്ധസെഞ്ച്വറി (61) ആയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ നിരയുടെ നട്ടെല്ലൊടിച്ചത് യുസ്‌വേന്ദ്ര ചാഹലാണ്.

വീണ്ടുമൊരിക്കൽ കൂടി തന്റെ കഴിവ് തെളിയിച്ച ചാഹൽ നാലോവറിൽ 23 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. തങ്ങളുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലെന്ന നാണക്കേടാണ് കട്ടക്കിൽ ലങ്കയ്ക്ക് ബാക്കിയുണ്ടായിരുന്നത്.

വിജയത്തിന് പിന്നാലെ ഇന്ത്യ തങ്ങളുടെ ടി20 വിജയചരിത്രത്തിൽ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കി. ലോകത്തെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ വച്ച് ഏറ്റവും മികച്ച വിജയചരിത്രമുള്ള ടീമെന്ന ഖ്യാതിയാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ 32 മത്സരങ്ങളിൽ 22 എണ്ണവും വിജയിച്ച ഇന്ത്യ 10 എണ്ണത്തിൽ തോറ്റു. ജയവും തോൽവിയും തമ്മിലുള്ള അനുപാതം 1.61 ആണ്.

തൊട്ട്പുറകിൽ 1.60 എന്ന പോയിന്റുമായി പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി കുട്ടിക്രിക്കറ്റ് ഫോർമാറ്റിലും ഇന്ത്യ ജൈത്രയാത്ര നടത്തുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാൽ ഇന്ത്യയ്ക്ക് തങ്ങളുടെ നേട്ടത്തിന്റെ പൊലിമ വർദ്ധിപ്പിക്കാം. അതേസമയം, നാളെ നടക്കുന്ന രണ്ടാം ടി20യിൽ ശക്തമായി തിരികെ വരാനാവും ശ്രീലങ്കയുടെ ശ്രമം. ഈ മത്സരവും ലങ്ക തോറ്റാൽ പരമ്പര നേട്ടം ഇന്ത്യയ്ക്കാവും. അതേസമയം ടെസ്റ്റ്, ഏകദിന പരമ്പരകൾ നഷ്ടമായ ലങ്ക ടി20 കിരീടം ലക്ഷ്യമിട്ടാവും അടുത്ത മത്സരത്തിൽ ഇറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ