ഭുവനേശ്വര്‍: വനിതകള്‍ക്ക് പിന്നാലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും. റഷ്യയ്ക്കെതിരായ അനായാസ ജയത്തോടെയാണ് ഇന്ത്യ ഒളിമ്പിക്സിനുള്ള ടിക്കറ്റെടുത്തത്. റഷ്യയെ 11-3 ന്റെ അഗ്രിഗ്രേറ്റ് സ്കോറിനാണ് ഇന്ത്യ രണ്ട് പാദങ്ങളിലുമായി പരാജയപ്പെടുത്തിയത്.
ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തില്‍ റഷ്യയെ 7-1 നാണ് ഇന്ത്യ തകര്‍ത്തത്. കളി തുടങ്ങി ആദ്യ മിനുറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ വഴങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തിനായി തന്റെ നൂറാം മത്സരം കളിക്കുന്ന ലളിത് ഉപാദ്യായിയുടെ ഗോളില്‍ ഇന്ത്യ ഒപ്പമെത്തി. 17-ാം മിനുറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍.
പിന്നാലെ ആറ് മിനുറ്റിനുള്ളില്‍ ആകാശ്ദീപിലൂടെ ഇന്ത്യ മുന്നിലെത്തി. 23-ാം മിനുറ്റിലും 29-ാം മിനുറ്റിലും ആകാശ്ദീപ് ഇന്ത്യയ്ക്കായി ഗോള്‍ കണ്ടെത്തി. രുപീന്ദര്‍ സിങ്ങും ഇരട്ട ഗോള്‍ നേടി. ഇന്ത്യയുടെ 20-ാമത്തെ ഒളിമ്പിക്സ് ആണ് ടോക്കിയോയിലേത്.
നേരത്തെ, യുഎസ്എയെ 6-5 ന്റെ അഗ്രിഗേറ്റ് സ്കോറില്‍ തകര്‍ത്താണ് വനിതകള്‍ യോഗ്യത നേടിയത്. കലിംഗ സ്റ്റേഡിയത്തില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 1-4 ന് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ കളിയിലെ വന്‍ വിജയം ടീമിന് തുണയായി മാറി.
ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്സ് യോഗ്യത നേടുന്നത്. നേരത്തെ 1980 ലും 2016 ലും ഇന്ത്യ യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ടാം വട്ടം ഇന്ത്യന്‍ വനിത ടീം ഒളിമ്പിക്സ് യോഗ്യത നേടുന്നത്.
ഒന്നാം പാദത്തില്‍ 5-1 നായിരുന്നു ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്. രണ്ടാം പാദ മത്സരത്തില്‍ 1-4ന് പരാജയപ്പെട്ടെങ്കിലും നായിക റാണി രാംപാലിന്റെ ഏക ഗോള്‍ ഇന്ത്യയെ ടോക്കിയോയിലെത്തിച്ചിരിക്കുകയാണ്