തിരുവനന്തപുരം: മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഇന്ന് കൊമ്പുകോർക്കും. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യയ്ക്കും രണ്ടാം മത്സരത്തിൽ ജയിച്ച ന്യൂസിലൻഡിനും മൂന്നാം മത്സരം നിർണായകമാണ്. ഇന്ന് ജയിക്കുന്ന ടീമിന് ടി ട്വന്റി പരമ്പര സ്വന്തമാകും.

കേരളത്തിൽ നടക്കുന്ന ആദ്യ ടി ട്വന്റി മത്സരമാണ് തിരുവനന്തപുരത്തേത്. 1988 ന് ശേഷം ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുകയാണ് തിരുവനന്തപുരം നഗരം.

അതേസമയം, ശക്തമായി മഴ പെയ്യുന്നത് കളിക്ക് തടസ്സമാകുമെന്ന് ഭീതിയുണ്ട്. എന്നാൽ ഇന്നലെ മത്സരത്തിന് മുൻപ് മൈതാനത്തിന്റെ സ്ഥിതി വിലയിരുത്താനെത്തിയ ഐസിസി സംഘം പൂർണ സംതൃപ്തിയോടെയാണ് മടങ്ങിയത്.

ഇന്നലെ രാവിലെ മുതൽ തിരുവനന്തപുരത്ത് ശക്തമായി മഴ പെയ്തിട്ടും വൈകുന്നേരം വളരെ വേഗത്തിൽ തന്നെ മൈതാനത്തെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാൻ സാധിച്ചു. ഔട്ട്ഫീൽഡിൽ ഇന്നലെ വെള്ളം തളം കെട്ടി നിന്നിരുന്നു. എന്നാൽ ഇതെല്ലാം ഒഴുക്കി കളയാൻ സാധിച്ചതോടെ പിച്ചിൽ കളി നടക്കുമെന്ന് ഉറപ്പായി.

ഇന്ന് വൈകുന്നേരം വരെ മഴ പെയ്താലും കളി നടക്കുമെന്നാണ് സ്റ്റേഡിയം അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ കളിക്കിടയിൽ മഴ പെയ്താൽ മാത്രമേ കളി തടസ്സപ്പെടുകയുള്ളൂവെന്ന് തീർച്ചയായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ