രാജ്കോട്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രവീന്ദ്ര ജഡേജ കൂടി സെഞ്ചുറി തികച്ചതോടെ ഇന്ത്യൻ സ്കോർ 600 കടക്കുകയായിരുന്നു. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 649 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. 100 റൺസുമായി രവീന്ദ്ര ജഡേജയും 2 റൺസുമായി മുഹമ്മദ് ഷമിയും ക്രീസിൽ നിൽക്കെയാണ് കോഹ്‌ലി ഇരുവരെയും മടക്കി വിളിച്ചത്.

രണ്ടാം ദിനം 364ന് 4 നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യ സ്കോർ അതിവേഗം ഉയർത്തുകയായിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാന്മാരെല്ലാം താളം കണ്ടെത്തിയതോടെ വിൻഡീസ് ബോളർമാർ തല്ല് വാങ്ങി കൂട്ടി. 92 റൺസെടുത്ത റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏറെ വൈകാതെ 139 റൺസെടുത്ത ക്യാപ്റ്റൻ കോഹ്‌ലിയും മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ജഡേജ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു.

ആദ്യദിനത്തിൽ അരങ്ങേറ്റക്കാരൻ പൃഥ്വി ഷായുടെ സെഞ്ചുറി മികവിൽ ഇന്ത്യ മികച്ച സ്കോർ നേടിയിരുന്നു. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്‌സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റേന്തുമ്പോൾ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ സച്ചിൽ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ.

കെ.എൽ.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. റൺസൊന്നും എടുക്കാതെയാണ് രാഹുൽ കളം വിട്ടത്. ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ 41 റൺസെടുത്ത് പുറത്തായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ