എഡ്ജ്ബാസ്റ്റണ്: നായകന് വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് തടയിട്ട് വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ വന്ന ഷമി ഉടനെ തന്നെ പുറത്തായി. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
ഇശാന്ത് ശര്‍മ്മയുമൊത്ത് ഹാര്‍ദ്ദിക് ഇന്നിങ്സ് പടുത്തുയര്‍ത്തുമെന്ന് കരുതിയെങ്കിലും ആവേശം കാണിച്ച് ബൗണ്ടറികള്‍ നേടിയതിന് പിന്നാലെ ഇശാന്തും പുറത്താവുകയായിരുന്നു. ഒരറ്റത്ത് ഹാര്‍ദ്ദിക് ഉള്ളതായിരുന്നു ഇന്ത്യയുടെ ഏക പ്രതീക്ഷ. എന്നാല്‍ ഹാര്‍ദ്ദിക്കിന് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് മാത്രമാണ് പിടിച്ചു നിന്നത്. ഇടയ്ക്ക് കാര്‍ത്തിക് പിന്തുണയുമായെത്തിയെങ്കിലും ആന്റേഴ്സണ് കൂട്ടു കെട്ട് തകര്‍ക്കുകയായിരുന്നു. അവസാന നിമിഷം നിലയുറപ്പിക്കാന്‍ ശ്രമിച്ച ഹാര്‍ദ്ദിക്കാണ് മൂന്നാമത്തെ ടോപ് സ്കോറര്‍. കാര്‍ത്തിക് 50 പന്തില്‍ നിന്നും 20 റണ്‍സാണ് നേടിയത്.
മൂന്ന് വിക്കറ്റുമായി ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ട് ബോളിങ് നിരയില്‍ തിളങ്ങിയത്. ആന്റേഴ്സണും ബ്രോഡും രണ്ട് വിക്കറ്റുകള്‍ വീതവും കറാനും റാഷിദും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. വിരാട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പുറത്തായത്. 93 പന്തില്‍ നിന്നും 51 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ വിരാട് ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് തന്നെയാണ് മുന്നോട്ട് നയിച്ചത്. രഹാനെയും മുരളി വിജയുമടക്കമുള്ള ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടിടത്താണ് വിരാട് നായകന്റെ ഇന്നിങ്സ് പുറത്തെടുത്തത്.
ജയിക്കാന്‍ വെറും 52 വേണ്ടിയിരുന്ന ഘട്ടത്തിലാണ് വിരാടിനെ നഷ്ടമായത്. ഇതോടെ ഇനി ഇന്ത്യ ജയിക്കണമെങ്കില്‍ വാലറ്റം ഉണര്‍ന്നു കളിക്കണമെന്ന സാഹചര്യത്തിലെത്തുകയായിരുന്നു.
ഇന്നലെ രണ്ടാം ഇന്നിങ്സില്‍ 194 റണ്‍സ് വിജലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 110 റണ്‍സ് എന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് മുരളി വിജയ്യുടെ (6) വിക്കറ്റാണ്. പിന്നീട്, ശിഖര്‍ ധവാന് (13) ലോകേഷ് രാഹുല്‍ (13), അജിങ്ക്യ രഹാനെ (രണ്ട്) രവിചന്ദ്രന്‍ അശ്വിന് (13) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.
13 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡടക്കം 22 റണ്‍സ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായിരുന്നു. ഇശാന്ത് ശര്‍മ്മ 51 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. അശ്വിന് മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. കരിയറിലെ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുന്ന സാം കുറാന്റെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന്റെ നില ഭദ്രമാക്കിയത്. കുറാന് ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ 63 റണ്‍സെടുത്തു.