എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. നായകന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്ക്‌സാണ് ഇന്ത്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. വിരാട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പുറത്തായത്. 93 പന്തില്‍ നിന്നും 51 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.
പിന്നാലെ വന്ന മുഹമ്മദ് ഷമിയേയും ഇന്ത്യയ്ക്ക് നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എന്ന നിലയിലാണ്. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിലാണ് ഇനി ഇന്ത്യയുടെ വിജയ പ്രതീക്ഷ. നേരത്തെ ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ വിരാട് ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് തന്നെയാണ് മുന്നോട്ട് നയിച്ചത്. രഹാനെയും മുരളി വിജയുമടക്കമുള്ള ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടിടത്താണ് വിരാട് നായകന്റെ ഇന്നിങ്സ് പുറത്തെടുത്തത്.
ജയിക്കാന്‍ വെറും 52 വേണ്ടിയിരുന്ന ഘട്ടത്തിലാണ് വിരാടിനെ നഷ്ടമായത്. ഇതോടെ ഇനി ഇന്ത്യ ജയിക്കണമെങ്കില്‍ വാലറ്റം ഉണര്‍ന്നു കളിക്കണമെന്ന സാഹചര്യത്തിലെത്തുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയും ഇശാന്ത് ശര്‍മ്മയുമാണ് ക്രീസിലിപ്പോള്‍. നേരത്തെ അഞ്ച് വിക്കറ്റുമായി ഇശാന്ത് ബോളിങ്ങിലും തിളങ്ങിയിരുന്നു.