സൂറത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് വന്‍ തോല്‍വി. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ 105 റണ്‍സിനാണ് ആറാം മത്സരം കൈവിട്ടത്. ഇതോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ആശ്വാസം ജയം കണ്ടെത്തി. 3-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മഴ മൂലം രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ച പരമ്പരയില്‍ ഒരു മത്സരം കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിസെല്ല ലീയുടെ 47 പന്തില്‍ നിന്നും 84 റണ്‍സിന്റേയും സുനെ ല്യൂസിന്റെ 56 പന്തുകളില്‍ നിന്നും 62 റണ്‍സിന്റേയും കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. ഇരുവരും ചേര്‍ന്ന് 144 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത്. 93 പന്തുകളാണ് ഇരുവരും ഒരുമിച്ച് നേരിട്ടത്.
Read More: ചരിത്രനേട്ടവുമായി ഹര്‍മന്‍പ്രീത്; പിന്നിലാക്കിയത് ധോണിയേയും രോഹിത്തിനേയും
ഇന്ത്യന്‍ ബോളര്‍മാരില്‍ ഒരാള്‍ക്കു പോലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. നായിക ഹര്‍മന്‍പ്രീത്, അരുദ്ധതി റെഡ്ഡി, പൂനം യാദവ് എന്നിവരാണ് ഓരോ വിക്കറ്റുകള്‍ വീതം നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. 6.2 ഓവറില്‍ 13-6 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. പിന്നാലെ വേദ കൃഷ്ണമൂര്‍ത്തിയും അരുദ്ധതിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് അല്‍പ്പമൊന്ന് മുന്നോട്ട് നയിച്ചു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവര്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിന് അപ്പുറത്തായിരുന്നു വിജയം. 17.3 ഓവറില്‍ 70 റണ്‍സിനാണ് ഇന്ത്യ പുറത്തായത്.
ദക്ഷിണാഫ്രിക്കയുടെ നദീന്‍ ഡി ക്ലെര്‍ക്ക് 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍ദുമിസോ ഷാന്‍ഗസെയും ഷബ്‌നിം ഇസ്മയിലും ആന്‍ ബോഷും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.