ഓസ്ട്രേലിയയെ നിസ്സാരരായി കാണുന്നില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. പന്ത് ചുരണ്ടൽ വിവാദത്തിന് പിന്നാലെ വെടിക്കെട്ട് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും സസ്പെൻഷനിലാണ്. ആ സാഹചര്യം ഇന്ത്യക്ക് സുവർണാവസരമാണെന്നുള്ള വാദങ്ങളെ തള്ളിക്കളയുകയായിരുന്നു ഇന്ത്യൻ നായകൻ.

“സ്വന്തം മണ്ണിൽ ഒരു ഓസ്ട്രേലിയൻ ടീമിനെയും എളുപ്പത്തിൽ കീഴടക്കാമെന്ന് കരുതുന്ന വ്യക്തിയല്ല ഞാൻ,” വിരാട് കോഹ്‍ലി പറഞ്ഞു. നാളെ അഡ്‍ലെയ്ഡിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അവസരങ്ങൾ ആനുകൂല്യങ്ങളായി കാണുന്നില്ല. എന്തൊക്കെ സംഭവിച്ചാലും കഴിവ് അവിടെ തന്നെ ഉണ്ട്. നമ്മൾ എന്ത് പറയുന്നു, എങ്ങനെ പെരുമാറുന്നു എന്നതല്ല പ്രകടനമാണ് കണക്കിലെടുക്കുന്നത്. ഓസ്ട്രേലിയയ്ക്ക് ഇപ്പോഴും ഇന്ത്യയെ കീഴടക്കാൻ സാധിക്കും,” കോഹ്‍ലി പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് ഓസ്ട്രേലിയൻ പര്യടനങ്ങളിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയാണെന്നും കോഹ്‍ലി പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പന്ത്രണ്ട് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ പ്രഖ്യാപിക്കൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ