മുംബൈ: ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്‌റ്റി വേൾഡ് സീരിസിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ ലെജൻഡ്സിന് തകർപ്പൻ ജയം. ബ്രെയ്ൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ നയിച്ച ഇന്ത്യ ലെജൻഡ്സിന്റെ വിജയം. ക്രീസിനോട് വിട പറഞ്ഞെങ്കിലും തങ്ങളുടെ ബാറ്റിന്റെ വേഗതയും പവറും ചോർന്ന് പോയിട്ടില്ലെന്ന് തെളിയിച്ച സേവാഗും സച്ചിനും തന്നെയാണ് ഇന്ത്യ ലെജൻഡ്സിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചതും.

ടോസ് നേടിയ ഇന്ത്യ ലെജൻഡ്സിന് വേണ്ടി നായകൻ സച്ചിൻ തിരഞ്ഞെടുത്തത് ബോളിങ്. സഹീർ ഖാനും മുനാഫ് പട്ടേലും പ്രഗാൻ ഓജയുമെല്ലാം അണിനിരന്ന ബോളിങ് നിര ഒരിക്കൽ കൂടി ക്രിക്കറ്റ് ആരാധകരുടെ കണ്ണും മനസും നിറച്ചു. ഒപ്പം വിൻഡീസ് താരം എസ് ചന്ദ്രപോളിന്റെ അർധസെഞ്ചുറി പ്രകടനവുംകൂടി ആയപ്പോൾ പൂർണം.

വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ചന്ദ്രപോളും ഗംഗയുമായിരുന്നു. തുടക്കം മുതൽ അക്രമിച്ച് കളിച്ച് ഇരുവരും അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. അഞ്ച് ഓവറിൽ 40 റൺസിന് മുകളിൽ ടീം സ്കോറെത്തിച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത് സഹിർ ഖാൻ തന്നെയായിരുന്നു. 24 പന്തിൽ 32 റൺസുമായി ക്രീസിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഗംഗയുടെ വിക്കറ്റ് തെറിപ്പിച്ച് സഹീർ ഖാൻ മത്സരത്തിൽ ഇന്ത്യയെ തിരികെയെത്തിച്ചു.

മൂന്നമനായി ക്രീസിലെത്തിയ ലാറ ബൗണ്ടറികളുടെ മാലപടക്കത്തിന് തിരി കൊളുത്തി. നേടിയ 17 റൺസിൽ 16ഉം ബൗണ്ടറിയിലൂടെയായിരുന്നു. എന്നാൽ 17 റൺസിൽ താരത്തെ പഠാൻ പുറത്താക്കി. പിന്നാലെയെത്തിയവർക്കാർക്കും കാര്യമായ പിന്തുണ നൽകാൻ സാധിക്കാതെ വന്നതോടെ ചന്ദ്രപോളിന്റെ ഒറ്റയാൾ പോരാട്ടമായി മാറി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച ചന്ദ്രപോൾ അർധസെഞ്ചുറി തികച്ചു. 41 പന്തി രണ്ട് സിക്സും ആറ് ഫോറും അടക്കം 61 റൺസ് നേടിയ താരത്തെ പുറത്താക്കിയത് മുനാഫ് പട്ടേലായിരുന്നു. 19-ാം ഓവറിൽ താരവും വീണതോടെ വിൻഡീസ് ഇന്നിങ്സിന്റെ ജീവനും നഷ്ടമായി. വിൻഡീസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 150 റൺസ്.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് രാജ്യാന്തര ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് സഖ്യം സച്ചിനും സെവാഗും. തകർത്തടിച്ച ഇരുവരും ലക്ഷ്യം വിജയം തന്നെയെന്നുറപ്പിച്ച് ബാറ്റ് വീശി. ഒന്നാം വിക്കറ്റിലെ അർധസെഞ്ചുറി കൂട്ടുകെട്ട് അവസാനിപ്പിച്ചത് സൂപ്പർ താരം ബെന്നായിരുന്നു. 29 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 36 റൺസ് നേടിയ സച്ചിനെ ബെൻ ജേക്കബ്സിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് കൈഫിനും നാലാം നമ്പരിലിറങ്ങിയ എംഎസ് ഗോണിക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. കൈഫ് 14 റൺസിന് പുറത്തായപ്പോൾ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോണി ബൗൾഡ്. എന്നാൽ യുവരാജ് സിങ് എത്തിയതോടെ സെവാഗ് കൂടുതൽ അക്രമണകാരിയായി. 57 പന്തിൽ 74 റൺസ് നേടി സെവാഗ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഏഴ് പന്തിൽ 10 റൺസായിരുന്നു യുവിയുടെ സമ്പാദ്യം. പത്ത് പന്ത് ബാക്കി നിൽക്കെ ജയവുമായി ഇന്ത്യൻ ലെജൻഡ്സ് മറ്റൊരു ലെജൻഡറി മത്സരം അവസാനിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook