ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന് നേടാനായത് 222 റണ്‍സ് മാത്രം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ആയ 297 പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 222 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇതോട ഇന്ത്യയ്ക്ക് 75 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് (48), നായകന്‍ ജേസന്‍ ഹോള്‍ഡര്‍ (39), ഷിമ്രോണ്‍ ഹെറ്റ്മിയര്‍ (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 75 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുള്ള ഇന്ത്യയുടെ ആകെ ലീഡ് ഇപ്പോള്‍ 89 ആയി. ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് ഇന്ന്.

Read Also: ‘ഞാൻ സ്വാർഥനല്ല’; സെഞ്ചുറിക്കരികിൽ വീണിട്ടും നിരാശയില്ലാതെ അജിങ്ക്യ രഹാനെ

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 297 റൺസാണെടുത്തത്. അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ഇന്നിങ്സിന് നെടുംതൂണായത്. രണ്ടാം ദിനത്തിൽ ജഡേജയുടെ മിന്നും ഫോമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ടെസ്റ്റിലെ 11-ാം അർധസെഞ്ചുറിയാണ് ജഡേജ കുറിച്ചത്. എട്ടാം വിക്കറ്റിൽ ഇഷാന്ത് ശർമയ്ക്കൊപ്പമുളള ജഡേജയുടെ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്.

ഒന്നാം ദിനത്തിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ രക്ഷകനായത്. ഇന്ത്യയ്ക്ക് ആദ്യ മൂന്ന് വിക്കറ്റുകള്‍ വെറും 25 റണ്‍സിനിടെ നഷ്ടമായി. ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 93 റണ്‍സ് ആയപ്പോള്‍ ലോകേഷ് മടങ്ങി. ഓപ്പണറായി എത്തിയ ലോകേഷ് രാഹുല്‍ 97 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയാണ് പുറത്തായത്. മായങ്ക് അഗര്‍വാള്‍ (9 റൺസ്), ചേതേശ്വര്‍ പൂജാര (2 റൺസ്), വിരാട് കോഹ്‌ലി (9 റൺസ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

ലോകേഷ് രാഹുല്‍ മടങ്ങിയെങ്കിലും അജിങ്ക്യ രഹാനെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. അഞ്ചാം വിക്കറ്റില്‍ ഹനുമാന്‍ വിഹാരിയുമായി ചേര്‍ന്നും അജിങ്ക്യ രഹാനെ സ്‌കോര്‍ ഉയര്‍ത്തി. 56 പന്തില്‍ നിന്ന് 32 റണ്‍സാണ് വിഹാരി നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 189 റണ്‍സായപ്പോഴാണ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായത്. ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ച രഹാനെയുടെ വിക്കറ്റായിരുന്നു അത്. 163 പന്തില്‍ നിന്ന് പത്ത് ഫോറുകള്‍ അടക്കം 81 റണ്‍സാണ് അജിങ്ക്യ രഹാനെ സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook