ധരംശാല: വിരാട് കോഹ്ലിയില്ലാതെ ലങ്കക്കെതിരെ ആദ്യ ഏകദിനത്തിനിറങ്ങിയ ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിൽ. 29 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റും നഷ്ടമായി. ഏഴു വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഏകദിന ചരിത്രത്തിൽ ഇന്ത്യ കുറിക്കുന്ന ഏറ്റവും ചെറിയ സ്കോറാണിത്.

ഒരു ഘട്ടത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറിന് പുറത്താകുമോ എന്ന ഭയത്തിലായിരുന്നു ഇന്ത്യ. 54 റൺസ് ആണ് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ. അതും 2000ൽ ശ്രീലങ്കക്കെതിരായിരുന്നു. 35റൺസുമായി സിംബാബ്വേയാണ് ഇപ്പോൾ കുഞ്ഞൻ സകോറിന്റെ ‘ബഹുമതി’ പേറുന്നത്. നിലവിൽ ധോണിയും കുൽദീപ് യാദവും ഇന്ത്യക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തുകയാണ്. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ 24 ഓവറിൽ ഏഴ് വിക്കറ്റിന് 56 റൺസ് എന്ന നിലയിലാണ്. ധോണി 18 റൺസും കുൽദീപ് 11 റൺസും എടുത്തിട്ടുണ്ട്.

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആഞ്ചലോ മാത്യൂസിന്റെ ബൗളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ധവാന്‍ പുറത്തായത്. തൊട്ടുപിന്നാലെ ലക്മലിന്റെ പന്തില്‍ ഡിക്‌വെല്ലയ്ക്ക് ക്യാച്ച് നല്‍കി രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് മടങ്ങി. തുടര്‍ന്നെത്തിയ ശ്രയസ്സ് അയ്യര്‍ (27 പന്തില്‍ 9 റണ്‍സ്), ദിനേഷ് കാര്‍ത്തിക് (18 പന്തില്‍ 0), മനീഷ് പാണ്ഡെ (15 പന്തില്‍ 2 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ (10 പന്തില്‍ 10 റണ്‍സ്), ഭുവനേശ്വര്‍ കുമാര്‍ (5 പന്തില്‍ 0 റണ്‍സ്) എന്നിവരും ക്ഷണനേരം കൊണ്ട് കൂടാരം കയറി.

4 വിക്കറ്റ് പിഴുതെടുത്ത ലക്മലും 2 വിക്കറ്റെടുത്ത നുവാന്‍ പ്രദീപുമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലെടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ