കൊൽക്കത്ത: ഐസിസി 2019 ലോകകപ്പ് ക്രിക്കറ്റിന്റെ ഫിക്‌ചർ തീരുമാനിച്ചു. കൊൽക്കത്തയിൽ നടന്ന ഐസിസി യോഗമാണ് ഇതിന് അന്തിമ രൂപം നൽകിയത്. അതേസമയം താരങ്ങളുടെ ഫിറ്റ്നെസും മതിയായ വിശ്രമവും എന്ന ആവശ്യം പരിഗണിച്ച് വരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിൽ 92 കളിദിവസങ്ങൾ കുറച്ചു.

2019 മുതൽ 2023 വരെയുളള സീസണിൽ ഇന്ത്യൻ ടീം 309 ദിവസം ക്രിക്കറ്റ് കളിക്കും. കഴിഞ്ഞ സീസണിലെക്കാൾ നാല് ടെസ്റ്റുകളാണ് ഇക്കുറി ഇന്ത്യൻ ടീം ഇന്ത്യയിൽ കളിക്കുക.

2019 ജൂൺ നാലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായാണ് ഇന്ത്യയുടെ ആദ്യ ഐസിസി ലോകകപ്പ് മത്സരം. അതേസമയം ജൂൺ 16 ന് ക്രിക്കറ്റ് ലോകം എക്കാലവും ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കും. ഇതാദ്യമായി ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകില്ല.

ഇംഗ്ലണ്ടിൽ നടക്കുന്ന ടൂർണ്ണമെന്റ് മെയ് 30 ന് ആരംഭിച്ച് ജൂലായ് 14 ന് അവസാനിക്കും. ഐപിഎൽ മത്സരങ്ങൾ മൂലം ഇന്ത്യയുടെ കളികൾ രണ്ട് ദിവസം വൈകിയേ ആരംഭിക്കൂ. ഏപ്രിൽ 30 ന് മാത്രമേ മുഴുവൻ ഫിക്ചറും പുറത്തുവരൂ.

ഐപിഎൽ മത്സരങ്ങളും ദേശീയ ടീം മത്സരങ്ങളും തമ്മിൽ 15 ദിവസത്തെ അകലമെങ്കിലും വേണമെന്ന ലോധ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ചാണ് ലോകകപ്പിൽ ജൂൺ രണ്ടിന് നടക്കേണ്ട ഇന്ത്യയുടെ മത്സരം ജൂൺ നാലിലേക്ക് മാറ്റിയത്. മാർച്ച് 29 മുതൽ മെയ് 19 വരെയാണ് 2019 ലെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ