മലേഷ്യയിൽ നിന്ന് ഇന്ത്യ ഇന്നൊരു സന്തോഷ വാർത്ത കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചുണകുട്ടികൾ അണ്ടർ 16 എഷ്യകപ്പ് ഫുട്ബോൾ സെമിഫൈനലിൽ എത്തുന്നതും അങ്ങനെ അടുത്ത വർഷം നടക്കുന്ന അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടുന്നതും. ക്വാർട്ടർ ഫൈനലിൽ ശക്തരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാൽ ഈ രണ്ട് നേട്ടവും ഇന്ത്യക്ക് സ്വന്തമാകും.

കഴിഞ്ഞ വർഷം ആതിഥേയരെന്ന നിലയിലാണ് അണ്ടർ–17 ലോകകപ്പിൽ ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ ഇത്തവണ കളിച്ചു ജയിച്ച് തന്നെ ലോകകപ്പ് യോഗ്യത നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ 16 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ എഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. 2002ൽ ക്വാർട്ടർ ഫൈനലിൽ തോറ്റതും കൊറിയയോടു തന്നെയായിരുന്നു.

എന്നാൽ ഇത്തവണ 2002 ആവർത്തിക്കില്ലെന്നാണ് ഇന്ത്യൻ കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറയുന്നത്. കൊറിയ കിരീടമുയർത്താൻ വരെ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ്. എങ്കിലും മികച്ച എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യ ഇതുവരെ എത്തിയതെന്നും അത് ഇന്നും തുടരുമെന്നും കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മൽസരങ്ങളിൽ നിന്നും 12 ഗോളുകളാണ് ദക്ഷിണ കൊറിയ അടിച്ചു കൂട്ടിയത്. ഒരു ഗോൾ പോലും വഴങ്ങിയില്ല. ഗോൾ വഴങ്ങാതെയാണ് ഇന്ത്യയുടെയും മുന്നേറ്റം. ‘ഷോട്ടുകൾക്കു കൃത്യതയുണ്ടായിരുന്നെങ്കിൽ ഇറാനെതിരെയും ഇന്തോനേഷ്യയ്ക്കെതിരെയും അനായാസമായി നമുക്ക് ജയിക്കാമായിരുന്നു. കൊറിയക്കെതിരെ ചെറിയ അവസരങ്ങൾ പോലും മുതലാക്കേണ്ടി വരും.’– ബിബിയാനോ കൂട്ടിച്ചേർത്തു.

കരുത്തുറ്റ പ്രതിരോധമാണ് ഇന്ത്യൻ നിരയുടെ തുറപ്പ് ചീട്ട്. ഗോൾ അവസരമൊരുക്കുന്നതിൽ മധ്യനിരയും വിങുകളും ഉണർന്നു തന്നെ കളിക്കുന്നുണ്ട്. കിടിലന്‍ സേവുകളുമായി ഇന്ത്യന്‍ ഗോളി നീരജ് കുമാറും ഗോൾവലക്ക് മുന്നിലുണ്ട്. നിലവിലെ ഗോൾ ക്ഷാമമകറ്റാൻ മുന്നേറ്റ നിരക്കായാൽ ഏത് വമ്പന്മാരെയും വീഴ്ത്താൻ കെൽപ്പുള്ള ടീം തന്നെയാണ് ഇന്ത്യ. മുന്നേറ്റ നിരയുടെ മൂർച്ച കൂട്ടാനാണ് ബിബിയാനോയും പിള്ളെരും ഇന്നലെ സമയം കണ്ടെത്തിയത്.

ആദ്യ മത്സരത്തിൽ വിയറ്റ്നാമിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമായിരുന്നു ഇന്ത്യയുടേത്.വിക്രം പ്രതാപ് സിങിന്റെ ഗോളിലായിരുന്നു ഇന്ത്യൻ വിജയം. പിന്നീട് നടന്ന മത്സരത്തിൽ ശക്തരായ ഇറാനെതിരെ ഗോൾരഹിത സമനില. പിന്നെ ഇന്തോനേഷ്യയെയും ഗോൾ രഹിത സമനിലയിൽ കുരുക്കി ക്വാർട്ടറിൽ. ഇന്നത്തെ മത്സരം കൂടി വിജയിച്ച് സ്വപ്ന വേദിയിൽ കളിക്കാനാകും ഇന്ത്യൻ കുട്ടികൾ ബൂട്ടുകെട്ടുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ