കേപ്ടൗൺ: അവസാന ഓവറുകളിൽ തകർത്തടിച്ച ജോങ്കറും നായകൻ ജെ.പി.ഡുമിനിയും നടത്തിയ പോരാട്ടം ഫലം കണ്ടില്ല. ഇന്ത്യയുടെ 172 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 165 ൽ അവസാനിച്ചു. ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് ടി 20 മൽസരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യൻ പേസ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തെ പിടിച്ചുകെട്ടിയത്. ഇതിൽ ഭുവനേശ്വർ കുമാറും ഷർദ്ദുൽ താക്കൂറും ഹർദ്ദിക് പാണ്ഡ്യയും മുഖ്യപങ്കുവഹിച്ചു. പേസ് നിരയെ പ്രതിരോധിച്ച ദക്ഷിണാഫ്രിക്കൻ താരങ്ങൾ സ്പിന്നിനെ ആക്രമിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അക്സർ പട്ടേലും സുരേഷ് റെയ്നയും എറിഞ്ഞ പന്തുകളെ ഉദ്ദേശിച്ച നിലയിൽ ബൗണ്ടറി കടത്താൻ സാധിക്കാതെ വന്നത് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി.

മഴ പെയ്യാൻ സാധ്യതയുണ്ടായിരുന്നതിനാൽ കേപ്ടൗണിൽ രണ്ടാം ടി20 മൽസരത്തിന്റെ സാധ്യതകളാണ് ദക്ഷിണാഫ്രിക്കൻ നായകൻ കണ്ടത്. പിച്ച് നനഞ്ഞാൽ സ്പിൻ ബോളർമാർക്ക് അധികം ടേൺ ലഭിക്കില്ലെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ സ്പിന്നിനെ അധികം ആശ്രയിക്കാതെ പേസ് ആക്രമണം ശക്തിപ്പെടുത്താനായിരുന്നു ഇന്ത്യൻ ശ്രമം.

മൂന്നാം ഓവറിൽ ഓപ്പണർ ഹെൻഡ്രിക്സിനെ മടക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ആക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെയെത്തിയ ഡുമിനിക്കൊപ്പം മില്ലർ രണ്ടാം വിക്കറ്റിൽ പോരാട്ടത്തിനുളള ശ്രമം നടത്തി. എന്നാൽ 24 റൺസെടുത്ത മില്ലർ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക കൂടുതൽ സമ്മർദ്ദത്തിലായി. ഇതിനിടെ 9 ഓവറുകൾ പൂർത്തിയായിരുന്നു.

ക്ലാസൻ വന്നാൽ സ്പിന്നിനെതിരെ ആക്രമണം നടത്താമെന്നായിരുന്നു ലക്ഷ്യം. എന്നാൽ സുരേഷ് റെയ്നയുടെ പന്തുകളെ അതിർത്തി കടത്താൻ ദക്ഷിണാഫ്രിക്ക നന്നേ ബുദ്ധിമുട്ടി. ഫീൽഡിങ് മികവും റണ്ണൊഴുക്ക് തടഞ്ഞു. താളം കണ്ടെത്താനാകാതെ വിഷമിച്ച ക്ലാസൻ ദക്ഷിണാഫ്രിക്കൻ സ്കോർ 79 ൽ നിൽക്കെ മടങ്ങി.

എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച ഡുമിനി അർദ്ധശതകം നേടി. 41 പന്തിൽ നിന്ന് 55 റൺസ് നേടിയ ഡുമിനിയെ താക്കൂർ മടക്കിയതോടെ ദക്ഷിണാഫ്രിക്ക തോൽവി മുന്നിൽക്കണ്ടു. എന്നാൽ ആദ്യ മൽസരത്തിനിറങ്ങിയ ജോങ്കർ ഒരറ്റത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചതോടെ അവർക്ക് ശുഭപ്രതീക്ഷ കൈവന്നു.

25 പന്തിൽ 49 റൺസെടുത്ത ജോങ്കർ 20-ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. ബുമ്രയെ തുടർച്ചയായി ബൗണ്ടറി കടത്തിയ ജോങ്കർ അവസാന ഓവറുകളിൽ കൂറ്റനടികൾ കാഴ്ചവച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറിൽ 19 റൺസെടുത്താൽ ജയിക്കാമെന്നായി. ഭുവനേശ്വർ കുമാറിനെ ബൗണ്ടറി പായിച്ച് അവസാന ഓവറിന്റെ തുടക്കം ഗംഭീരമാക്കുകയും ചെയ്തു. എന്നാൽ ഫുൾടോസ് പന്തുകളിലൂടെ ജോങ്കറിന്റെ കണക്കുകൂട്ടൽ ഭുവി തെറ്റിച്ചു.

ഇതോടെ അവസാന പന്തിൽ 8 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജോങ്കറിന്റെ വിക്കറ്റാണ് ആ പന്തിൽ നഷ്ടമായത്. നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധവാന്റെയും റെയ്നയുടെയും ബാറ്റിങ് മികവിലാണ് 172 റൺസ് നേടിയത്. ധവാൻ 47 ഉം റെയ്ന 43 ഉം റൺസ് നേടി. 3 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് മില്ലറുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത റെയ്നയാണ് മാൻ ഓഫ് ദി മാച്ച്.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 ഓവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഇതോടെ മാൻ ഓഫ് ദി സീരീസ് പുരസ്കാരത്തിന് ഭുവി അർഹനായി. നേരത്തേ ഏകദിന മൽസരങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ