പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചകൾ നടക്കുകയാണ്. പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്നും വേണ്ടയെന്നും തരത്തിലുള്ള പ്രതികരണങ്ങളും ആവശ്യങ്ങളും പലഭാഗത്ത് നിന്നും ഉയർന്ന് കേൾക്കുന്നുണ്ട്. ഇതിഹാസങ്ങൾ മുതൽ ആരാധകർ വരെ നീളുന്ന വലിയൊരു സംഘം ഇതിനൊടകം തന്നെ ചർച്ചയുടെ ഭാഗമായി കഴിഞ്ഞു. ഒടുവിൽ ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുന്നത് പാക് മുൻ പേസർ ഷൊയ്ബ് അക്തറാണ്.

പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് ശക്തമായി അപലപിച്ച ഷൊയ്ബ് അക്തർ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്നും പിന്മാറുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എല്ലാവിധ അവകാശങ്ങളുമുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ചില മുൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണത്തെ വിമർശിക്കുകയും ചെയ്യുന്നു താരം.

രാഷ്ട്രീയവും കായികവും കൂട്ടികലർത്തരുത്. എന്നാൽ ഇന്ത്യ അക്രമണത്തിന് ഇരയായ രാജ്യമണെന്നും, അതുകൊണ്ട് തന്നെ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത രാജ്യവുമായുള്ള മത്സരം ഒഴിവാക്കണോ വേണ്ടയോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നും റാവൽപിണ്ടി എക്സ്പ്രസ് പറഞ്ഞു. ഒരു പാക് മാധ്യമത്തോടായിരുന്നു ഷൊയ്ബ് അക്തറിന്റെ പ്രതികരണം.

അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന ചില മുതിർന്ന ഇന്ത്യൻ താരങ്ങളുടെ ആവശ്യം ശരിയല്ലെന്ന് ഷൊയ്ബ് അക്തർ പറഞ്ഞു. “ക്രിക്കറ്റും രാഷ്ട്രീയവും രണ്ടാണ്. പ്രശ്നമുണ്ടകുമ്പോൾ അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഒരുമയെ കുറിച്ചാണ് ഒരു കളിക്കാരൻ സംസാരിക്കേണ്ടത് അല്ലാതെ പ്രതിയോഗ ബുദ്ധിയോടെയാകരുത്,” ഷൊയ്ബ് അക്തർ അഭിപ്രായപ്പെട്ടു.

ബിസിസിഐയ്ക്ക് ഇന്ത്യ-പാക് മത്സരം നടത്തണമെന്ന് താൽപര്യമുണ്ടെന്നും കേന്ദ്ര സർക്കാരാണ് അതിനെ തടയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം കൊണ്ട് ഏറ്റവും സാമ്പത്തിക ലാഭമുണ്ടാക്കിയത് ബിസിസിഐയും സ്റ്റാർ സ്പോർട്സുമാണെന്നും ഷൊയ്ബ് അക്തർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook