മുംബൈ: സമീപ കാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് കളിക്കാരെന്നും അതിനാൽ ഇനിയും യാചിക്കരുതെന്നും ഇന്ത്യൻ ഫുട്ബോൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ.
ഇന്റർകോണ്ടിനന്റൽ കപ്പ് ചതുർ രാഷ്ട്ര ഫുട്ബോൾ പരമ്പരയിൽ കെനിയക്കെതിരെ തന്റെ കരിയറിലെ നൂറാം മത്സരത്തിനിറങ്ങും മുൻപ് മൈതാനത്ത് കളി കാണാനെത്തണമെന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ആരാധകരോട് അപേക്ഷിച്ചിരുന്നു.
ഇതിനെക്കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.
“നോക്കൂ, ഞാനിത് മുൻപേ പറഞ്ഞതാണ്. രാജ്യത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവരാണ് ഞങ്ങൾ. ദേശീയ ടീമിന്റെ കളികാണാനെത്തണമെന്ന് ആളുകളോട് കരഞ്ഞപേക്ഷിക്കേണ്ട കാര്യമില്ല,” സ്റ്റീഫൻ പറഞ്ഞു.
“കഴിഞ്ഞ മൂന്നര വർഷക്കാലമായി ദേശീയ ടീം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഏറെ നേട്ടങ്ങളും ഈ കാലത്തിനിടയിൽ നേടിയെടുക്കാനായി. എന്നാൽ കഴിഞ്ഞ കളിയിലേത് പോലെ വലിയ ആൾക്കൂട്ടത്തെ മൈതാനത്ത് എല്ലാ മത്സരത്തിലും കാണാൻ സാധിക്കാത്തതിൽ ഞങ്ങൾ പലപ്പോഴും നിരാശരാണ്,” അദ്ദേഹം പറഞ്ഞു.
ചൈനീസ് തായ്പേയിക്കെതിരായ ആദ്യ മത്സരത്തിൽ രണ്ടായിരം പേരും കെനിയക്കെതിരായ രണ്ടാം മത്സരത്തിൽ 9000 പേരുമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളികാണാനെത്തിയത്. ഫൈനലിലേക്ക് യോഗ്യത നേടിയ ടീമിന് ന്യൂസിലന്റിനെതിരെ ഒരു കളി കൂടി ബാക്കിയുണ്ട്.
ഈ മത്സരത്തിലും ജയത്തോടെ മുന്നേറാനാണ് ടീമിന്റെ ശ്രമം. “അടുത്ത മത്സരങ്ങളിലും കഴിഞ്ഞ കളിയിലേതിന് സമാനമായി ആരാധകരെത്തിയാൽ അത് ഇന്ത്യൻ ടീമിന്റെ മനക്കരുത്ത് വർദ്ധിപ്പിക്കും,” അദ്ദേഹം പറഞ്ഞു.