ഗുവാഹത്തി: ഖത്തർ ലോകകപ്പിലേക്ക് യോഗ്യത തേടി ഇന്ത്യ. ഏഷ്യൻ യോഗ്യത രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ബി ഗ്രൂപ്പിൽ റാങ്കിങ്ങിൽ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ. ഫിഫ ഫാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നിലുള്ള രാജ്യമാണ് ഒമാൻ. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

ഒമാൻ, ഖത്തർ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി നാട്ടിലും എതിർ തട്ടകത്തിലുമായി രണ്ട്‌ മത്സരങ്ങൾ വീതമാണ് ഓരോ രാജ്യങ്ങളും കളിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ഖത്തറും (62) ഒമാനുമാണ് (87) ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഇന്ത്യ റാങ്കിങ്ങിൽ 103-ാം സ്ഥാനത്താണ്. മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ രണ്ടാം സ്ഥാനക്കാരായാൽ പോലും ഇന്ത്യക്ക് സാധിക്കും. ആതിഥേയരെന്ന നിലയിൽ ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ച ഖത്തർ ഏഷ്യൻ കപ്പ് യോഗ്യതയ്ക്കു വേണ്ടിയാണ് മത്സരിക്കുന്നത്. എന്നാൽ ഇന്ത്യൻ പ്രതീക്ഷകളുടെ പ്രധാനവെല്ലുവിളി ഒമാനും ഖത്തറും തന്നെയാണ്.

Also Read: ISL: അടിമുടി മാറ്റവുമായി ക്ലബ്ബുകൾ; കേരള ബ്ലാസ്റ്റേഴ്സ് മാത്രം പുതിയതായി ടീമിലെത്തിച്ചത് 23 താരങ്ങളെ

ഇന്ത്യയുടെ റഷ്യൻ ലോകകപ്പ് മോഹങ്ങൾക്ക് തടയിട്ടതും ഒമാനായിരുന്നു. 2018 റഷ്യൻ ലോകപ്പിനുള്ള യോഗ്യതാ റൗണ്ടിലും ഒമാന് ഒപ്പമായിരുന്നു ഇന്ത്യ. അന്ന് ബെംഗളൂരുവിലും മസ്കറ്റിലുമായി നടന്ന രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റു. കണക്കിലും മുന്നിൽ ഒമാൻ തന്നെ. ഏഴ് തവണ നേർക്കുനേർ വന്നപ്പോൾ ഇന്ത്യക്ക് ജയിക്കാനായത് ഒരു തവണ മാത്രം. 2018ല്‍ അബുദാബിയില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും ഒടുവിലായി ഏറ്റുമുട്ടിയത്. അന്ന് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യന്‍ സംഘം ഒരുങ്ങിക്കഴിഞ്ഞു. മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിലെ ശ്രദ്ധേയ സാനിധ്യം. ഡിഫൻഡർ അനസ് എടത്തൊടിക, മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ്, വിങർ ആഷിഖ് കുരുണിയൻ എന്നിവർ നീലകുപ്പായത്തിൽ ഇന്ന് കളിച്ചേക്കും. 4-2-3-1 ശൈലിയിലായിരിക്കും ഇന്ത്യ ഇറങ്ങുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook