സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. 18 റൺസിനായിരുന്നു ന്യൂസിലൻഡിനോട് ഇന്ത്യ തോൽവി സമ്മതിച്ചത്. ടൂർണമെന്റിൽ സെഞ്ചുറികൾ അടിച്ച് റെക്കോർഡുകൾ തീർത്ത ഉപനായകൻ രോഹിത് ശർമ്മയുൾപ്പടെയുള്ള ബാറ്റിങ് നിര ഫൈനലിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ കിരീട മോഹങ്ങൾ അവസാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആരാധകരോട് കുറ്റസമ്മതവും നടത്തിയിരിക്കുന്നു രോഹിത് ശർമ്മ. ടീമെന്ന നിലയിൽ ഇന്ത്യ പരാജയപ്പെട്ടെന്നാണ് രോഹിത് ട്വിറ്ററിൽ എഴുതിയത്.

“ടീമെന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു. 30 മിനിറ്റ് കളിച്ച മോശം ക്രിക്കറ്റാണ് നമ്മുടെ കിരീട സാധ്യതകൾ തട്ടിതെറിപ്പിച്ചത്. നിങ്ങളുടേത് പോലെ തന്നെ എന്റെ ഹൃദയവും ദുഃഖ ഭാരത്താൽ നിറഞ്ഞിരിക്കുന്നു. നാട്ടിലല്ലായിരുന്നിട്ട് കൂടി നിങ്ങൾ തന്ന പിന്തുണ അവിസ്മരണീയമാണ്. ഇംഗ്ലണ്ടിൽ നമ്മൾ കളിച്ചിടത്തെല്ലാം നീല അണിയിച്ച നിങ്ങളോരോരുത്തർക്കും നന്ദി,” രോഹിത് ട്വിറ്ററിൽ കുറിച്ചു.

ബോളിങ്ങിൽ ഇന്ത്യ മികച്ച നിന്നപ്പോഴും മറുപടി ബാറ്റിങ്ങിൽ മുൻ നിര തകർന്നടിഞ്ഞതാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ.എൽ.രാഹുൽ എന്നിവർ ഒരു റൺസ് മാത്രമെടുത്താണ് ക്രീസ് വിട്ടത്. ദിനേശ് കാർത്തിക്കും പൊരുതി നോക്കിയെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. പന്തിന്റെ പോരാട്ടവും അവസാനിച്ചതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചിരുന്നു.

എന്നാൽ ജഡേജയും ധോണിയും ചേർന്ന് ഇന്ത്യക്ക് ജീവൻ നൽകിയെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.3 ഓവറിൽ 221 റൺസിന് പുറത്താവുകയായിരുന്നു.

നാലാം നമ്പറില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ഇല്ലാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നാണ് പരിശീലകൻ രവി ശാസ്ത്രിയുടെ വാദം. മധ്യനിര ശക്തമായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ഇന്ത്യയുടെ മധ്യനിര ശക്തമായിരുന്നില്ല. ഭാവിയില്‍ ഇക്കാര്യം പരിഗണിക്കണം. കെ.എല്‍.രാഹുല്‍ നാലാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍, ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരുക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. രാഹുലിന് ഓപ്പണ്‍ ചെയ്യേണ്ടി വന്നു. വിജയ് ശങ്കറും പരുക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. അതുകൊണ്ടാണ് നാലാം നമ്പറില്‍ സ്ഥിരത ഇല്ലാതിരുന്നതെന്ന് ശാസ്ത്രി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook