ഹാമിൾട്ടൺ: കുട്ടിക്രിക്കറ്റിൽ മറ്റൊരു ചരിത്ര നേട്ടത്തിനരികെയാണ് ഇന്ത്യ. രാജ്യാന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും ന്യൂസിലൻഡ് മണ്ണിൽ ഇതുവരെയൊരു ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. ഈ ചീത്തപ്പേര് തിരുത്തിയെഴുതാനാകും കോഹ്ലിപ്പട നാളെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ രണ്ട് വിജയങ്ങളുമായി മുന്നിലുള്ള ഇന്ത്യയ്ക്ക് നാളത്തെ മത്സരവും ജയിക്കാനായാൽ പരമ്പരയും ഒപ്പം ചരിത്രനേട്ടവും സ്വന്തമാക്കാം.
ഓക്ലൻഡിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ജയം ആധികാരികമായിരുന്നു. സെഡൻ പാർക്കിലും അതേ മികവ് തുടരുന്ന ഇന്ത്യയുടെ മുന്നിലുള്ളത് ഇതുവരെ എത്തിപ്പിടിക്കാൻ സാധിക്കാതെ പോയൊരു നേട്ടമാണ്. 2008-2009 പരമ്പരയിൽ 0-2നായിരുന്നു ഇന്ത്യയുടെ തോൽവി. കഴിഞ്ഞ വർഷം ഇന്ത്യ ഒരു മത്സരം ജയിച്ചെങ്കിലും രണ്ട് മത്സരങ്ങൾ ജയിച്ച ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കുകയായിരുന്നു.
Also Read: ധോണിയുടെ സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ല; വികാരഭരിതനായി ചാഹൽ
ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം രാജ്യാന്തര ടി20യിൽ ഇന്ത്യൻ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച അഞ്ച് ടി20 പരമ്പരകളിൽ ഒന്നിൽ പോലും ഇന്ത്യ പരമ്പര കൈവിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ 1-1ന് പരമ്പര സമനിലയിൽ അവസാനിച്ചത് മാറ്റിനിർത്തിയാൽ എല്ലാ പരമ്പരകളിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ജയം.
Snapshots from #TeamIndia‘s training session ahead of the 3rd T20I against New Zealand.#NZvIND pic.twitter.com/KHKvrjt2H3
— BCCI (@BCCI) January 28, 2020
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനുമായിരുന്നു ഇന്ത്യൻ വിജയം. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഗംഭീര ഫോമിലുള്ള ഇന്ത്യ മൂന്നാം മത്സരത്തിലും അനായാസ വിജയം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടി20 റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് അവശേഷിക്കുന്ന മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ സാധിച്ചാൽ നാലാം സ്ഥാനത്തേക്കെത്താനും സാധിക്കും.