ലണ്ടൻ: ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍ കടന്നു. ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് അടിപതറിയതോടെ 44.3 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ കളിക്കാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ വിരാട് കോഹ്ലി 101 പന്തില്‍ 76 റണ്‍സ് നേടി. ശിഖര്‍ ധവാന്റെ 78 റണ്‍സ് പ്രകടനമാണ് ഇന്ത്യയ്ക്ക് അടിത്തറ നല്‍കിയത്. പിന്നാലെ കോഹ്ലിയും ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമായി. 12 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ 23 റണ്‍സുമായി യുവരാജ് സിംഗ് ക്രീസില്‍ തുടര്‍ന്നു.

ഓപ്പണർമാരായി ഇറങ്ങിയ ക്വിന്റൺ ഡി കോക്കും ഹാഷിം അംലയും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 18-ാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അശ്വിന്റെ ബോളിൽ ധോണിയുടെ ക്യാച്ചിലൂടെ അംലയാണ് (35) ആദ്യം പുറത്തായത്. പിന്നാലെ 53 റൺസെടുത്ത ഡി കോക്കിനെ ജഡേജയും പുറത്താക്കി. എബി ഡിവില്ലിയേഴ്സും (16), ഡേവിഡ് മില്ലറും (1) റൺഔട്ടിലൂടെ കളംവിട്ടു. ഹാർദിക് പാണ്ഡ്യയുടെ ബോളിൽ ഡു പ്ലെസിസും (36) വീണതോടെ ദക്ഷിണാഫ്രിക്കൻ നിര തകർന്നു.

പിന്നീട് ഇറങ്ങിയ ക്രിസ് മോറിസ് (4), ആൻഡിലേ ഫെലൂക്വായോ (4), റബാദ (5), മോൺ മോർക്കൽ (0), ഇമ്രാൻ താഹിർ (1) എന്നിവർക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഡുമിനി 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറയും ഭുവനേശ്വർ കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ, പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചിരുന്നു. ശ്രീലങ്കക്കെതിരെ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും പാക്കിസ്ഥാനോട് തോറ്റതാണ് ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശം ദുഷ്ക്കരമായത്. ഇന്ത്യയോട് തോറ്റതോടെ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook