വലിയ പ്രതീക്ഷകളുമായി ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ടെസ്റ്റ്‌ മത്സരങ്ങളിൽ തകർന്നടിയുകയാണ്. ആദ്യ രണ്ട് ടെസ്റ്റ്‌ മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിൽ തിരിച്ചെത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. അവശേഷിക്കുന്ന മത്സരങ്ങൾക്കിറങ്ങുന്ന ഇന്ത്യൻ ടീമിനെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം ക്യാപ്റ്റൻ കോഹ്‌ലിയുടെ പരുക്കാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര മുതൽ താരത്തെ അലട്ടുന്ന പുറം വേദനയാണ് ഇംഗ്ലണ്ടിലും വെല്ലുവിളിയാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20 മത്സരങ്ങൾ കോഹ്‌ലി കളിച്ചിരുന്നില്ല. ലോർഡ്‌സ് ടെസ്റ്റിന്റെ നാലാം ദിനം പുറം വേദനയെ തുടർന്ന് താരം മൈതാനം വിട്ടിരുന്നു.

ഇതാണ് ക്യാപ്റ്റൻ മൂന്നാം ടെസ്റ്റിനിറങ്ങുമോയെന്ന ആശങ്ക സൃഷ്ടിച്ചത്. എന്നാൽ ഇക്കാര്യത്തിൽ താരം തന്നെ വ്യക്തത നൽകിയിരിക്കുകയാണിപ്പോൾ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഉറപ്പായും താൻ കളിക്കുമെന്നാണ് ക്യാപ്റ്റൻ പറയുന്നത്.

“ഇനിയും അഞ്ച് ദിവസങ്ങൾ അവശേഷിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ തീർച്ചയായും നോട്ടിങ്ഹാമിൽ മത്സരിക്കാൻ ഞാനുമുണ്ടാകും. കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതാണ് പുറം വേദനക്ക് കാരണം. അഞ്ച് ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്താൻ പറ്റുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്. ” കോഹ്‌ലി പറഞ്ഞു.

എഡ്‌ബാഗ്‌സ്റ്റോണിൽ നടന്ന ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ തോൽവിയുടെ ആഘാതം കുറച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർദ്ധസെഞ്ചുറിയും നേടിയ താരത്തിന് എന്നാൽ ലോർഡ്സ് ടെസ്റ്റിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. 4 ഇന്നിങ്‌സുകളിൽ നിന്നുമായി 240 റൺസ് നേടിയ കോഹ്‌ലി തന്നെയാണ് പരമ്പരയിൽ കൂടുതൽ റൺസ് കണ്ടെത്തിയ താരം. അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 159 റൺസിനുമാണ് ഇന്ത്യ ആതിഥേയരോട് കീഴടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook