കൊളംബോ: പല്ലക്കലെ ടെസ്റ്റില്‍ ഇന്ത്യയുടെ 487ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കുടെ ആദ്യ ഇന്നിങ്‌സ് 135 റണ്‍സിന് അവസാനിച്ചു. വെറും 37.4 ഓവറില്‍ എല്ലാവരും കൂടാരം കയറുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 352 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. ഫോളോഓണ്‍ വഴങ്ങിയ ലങ്ക രണ്ടാം ഇന്നിങ്സ് ആരംഭിച്ചു.

രവീന്ദ്ര ജദേജക്ക് പകരമെത്തിയ കുല്‍ദീപ് യാദവാണ് ലങ്കയുടെ കഥകഴിച്ചത്. നാല് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ദ്ദിക്ക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒരാള്‍ റണ്‍ഔട്ടായി. 48 റണ്‍സെടുത്ത ദിനേഷ് ചാണ്ഡിമലിന് മാത്രമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. ബാക്കിയുള്ളവരെല്ലാം വന്നാപാടെ ക്രീസ് വിട്ടു. നാല് പേരെ എക്കൗണ്ട് തുറക്കാന്‍ പോലും സമ്മതിച്ചില്ല. നിരോഷന്‍ ദിക്ക് വല്ലെ(29) കുസാല്‍ മെന്‍ഡിസ്(18) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ഒന്നാമിന്നിങ്സിൽ 487 റൺസാണ് ഇന്ത്യ നേടിയത്. ഉച്ചഭക്ഷണത്തിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് എന്ന സ്കോറിൽ പിരിഞ്ഞ ഇന്ത്യയ്ക്ക് ഭക്ഷണത്തിനുശേഷമുള്ള ആദ്യ ഓവറിന്റെ മൂന്നാമത്തെ പന്തിൽ തന്നെ അവസാന വിക്കറ്റും നഷ്ടമായി. കന്നി സെഞ്ചുറി നേടി ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ച ഹർദിക് പാണ്ഡ്യയുടെ വിക്കറ്റാണ് നഷ്ടമായത്. 96 പന്തിൽ നിന്ന് 108 റൺസെടുത്താണ് പാണ്ഡ്യ പുറത്തായത്.

ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിനെ 400 കടത്തിയത് കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ പാണ്ഡ്യ ഒറ്റയ്ക്കാണ്. 86 പന്തിൽ നിന്നാണ് പാണ്ഡ്യ രണ്ടാം ടെസ്റ്റിൽ തന്നെ തന്റെ കന്നി സെഞ്ചുറി സ്വന്തമാക്കിയത്. ലങ്കയ്ക്കെതിരായ ഗോൾ ടെസ്റ്റിൽ നേടിയ 50 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ