എഡ്ജ്ബസ്ടൺ: ചാമ്പ്യൻസ് ട്രോഫിയുടെ കിരീടപോരാട്ടത്തിൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്ത് ശർമ്മയുടെ സെഞ്ചുറി മികവിലാണ് അനായാസ വിജയം നേടിയത്. വിരാട് കോഹ്‌ലി 96 റൺസും നേടി.

ബംഗ്ലാദേശിന്റെ 264 റൺസ്​ എന്ന സ്കോർ അനായാസമാണ് ഇന്ത്യ മറികടന്നത്. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ധവാനും രോഹിത്തും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 34 പന്തിൽ 46 റൺസാണ്​ ധവാൻ അടിച്ചു കൂട്ടിയത്. ധവാനെ മടക്കി മൊർത്താസ പ്രതീക്ഷ നൽകിയെങ്കിലും വിരാട് കോ‌ഹ്‌ലി എത്തിയതോടെ ഇന്ത്യൻ സ്കോർ കുത്തനെ കുതിച്ചു. 129 പന്തിൽ നിന്ന് 123 റൺസാണ് രോഹിത്ത് ശർമ്മ നേടിയത്. 15 ഫോറും 1 സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ക്ലാസിക്ക് ഇന്നിങ്ങ്സ്. 78 പന്തിൽ നിന്നാണ് വിരാട് കോഹ്‌ലി 13 ഫോറുകൾ ഉൾപ്പടെയാണ് 96 റൺസ് നേടിയത്.

നിർണ്ണായകമായ സെമി പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സൗമ്യ സർക്കാരിനെ(0) പുറത്താക്കി ഭുവനേശ്വർ കുമാർ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. കൂറ്റൻ അടികൾക്ക് മുതിർന്ന സാബിർ റഹ്മാനെ (19) ജഡേജയുടെ കൈകളിൽ എത്തിച്ച് ഭുവനേശ്വർ ബംഗ്ലാദേശിനെ വിറപ്പിച്ചു.

നാലാം വിക്കറ്റി​ൽ ഒന്നിച്ച തമീം ഇക്ബാലും മുഷ്ഫീക്കർ റഹ്മാനും ഇന്ത്യൻ ബോളർമാരെ സമർഥമായി നേരിട്ടു. ഇരുവരും ചേർന്ന് 123 റൺസാണ് കൂട്ടിച്ചേർത്തത്. തമീം ഇക്ബാൽ 7 ഫോറും 1 സിക്സറും ഉൾപ്പടെ 70 റൺസാണ് നേടിയത്. 85 പന്തിൽ 61 റൺസാണ് മുഷ്ഫീക്കറിന്റെ സമ്പാദ്യം. ഇരുവരുടെയും കൂട്ട്കെട്ട് പൊളിക്കാൻ കേദാർ ജാദവിനാണ് സാധിച്ചത്. തമീം ഇക്ബാലിന്രെ കുറ്റി പിഴുത് ജാദവ് ഇന്ത്യക്ക് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു.

ഇതിനിടെ അപകടകാരിയായ ഷക്കീബ് അൽഹസനെ ജഡേജയും പുറത്താക്കി. മുഷ്ഫീക്കർ റഹ്മാനെ കോലിയുടെ കൈകളിൽ എത്തിച്ച് ജാദവ് ബംഗ്ലാദേശിന്റെ കുതിപ്പ് തടഞ്ഞു. വാലറ്റത്ത് കൂറ്റൻ അടികൾ ഉതിർക്കാൻ ബംഗ്ലാ കടുവകൾക്ക് സാധിച്ചില്ല. ബൂംറയും ബുവനേശ്വറും ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കേദാർ ജാദവ്, ഭുവനേശ്വർ കുമാർ,ബൂംറ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. 2007ലെ ട്വന്റി-20 ലോകകപ്പിലേറ്റ പരാജയത്തിന് പകരം വീട്ടാനായിരിക്കും പാക്കിസ്ഥാൻ ഇറങ്ങുക. യുവനിരയുടെ ആവേശവും ചോരത്തിളപ്പും തന്നെയാണ് പാക്കിസ്ഥാന്റെ കരുത്ത്. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് പേരുകേട്ട താരങ്ങൾ തന്നെയാണ് കരുത്ത്. ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ