ദുബായ്: അന്ധരുടെ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യൻ ടീം. 10 വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കേവലം 18.4 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യൻ നായകൻ അജയ് റെഡ്ഡിയുടെ ഔൾറൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ വിജയം സമ്മാനിച്ചത്. 60 പന്തിൽ 101 റൺസാണ് അജയ് റെഡ്ഡി നേടിയത്. 14 ഫോറുകളാണ് ഇന്ത്യൻ നായകൻ അടിച്ച്കൂട്ടിയത്. ബോളിങ്ങിലും മികച്ച പ്രകടനമാണ് അജയ് പുറത്തെടുത്തത്. ബംഗ്ലാദേശിന്റെ 4 മുൻനിര വിക്കറ്റുകളാണ് അജയ് വീഴ്ത്തിയത്.

അതേസമയം, ഓപ്പണറായ സുനിൽ രമേഷും ഇന്ത്യക്കായി സെഞ്ചുറി നേടി. 57 പന്തിൽ നിന്നാണ് സുനിൽ 105 റൺസ് നേടിയത്. അന്ധരുടെ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ