സെഞ്ചൂറിയൻ: രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച യുഷ്വേന്ദ്ര ചഹലിന് അപൂർവ്വ നേട്ടം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ സ്പിന്നറെന്ന നേട്ടമാണ് ചഹൽ ഇന്ന് സ്വന്തമാക്കിയത്. ഇന്ത്യൻ സ്പിൻ ഇതിഹാസങ്ങൾക്ക് നേടാൻ സാധിക്കാത്ത റെക്കോഡാണ് ചഹൽ സെഞ്ചൂറിയനിൽ കരസ്ഥമാക്കിയത്.
8.2 ഓവർ പന്തെറിഞ്ഞ ചാഹൽ 22 റൺസ് വഴങ്ങിയാണ് ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. ക്വിന്റൺ ഡിക്കോക്ക്, ജെ.പി ഡുമിനി, ക്രിസ് മോറിസ്, കേയ് സോണ്ടോ, കഗീസോ റബാഡ എന്നിവരുടെ വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്. ചഹലിന്റെ പങ്കാളിയായ കുൽദീപ് യാദവ് 3 വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഏകദിനത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക സമ്മാനിച്ച 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ യുഷ്വേന്ദ്ര ചഹലാണ് കളിയിലെ താരം.
ദക്ഷിണാഫ്രിക്ക ഉയർത്തി 119 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. 15 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും അർധ സെഞ്ചുറി നേടിയ ശിഖർ ധവാനും വിരാട് കോഹ്ലിയും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 56 പന്തിൽ 9 ഫോറുകൾ ഉൾപ്പടെ 51 റൺസാണ് ധവാൻ നേടിയത്. 50 പന്തിൽ 4 ഫോറും 1 സിക്സറും അടക്കം 46 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ജയത്തോടെ 6 മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിൽ എത്തി.