2019 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനോട് സെമിയിൽ തോറ്റാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ട ഒരു മത്സരമായിരുന്നു അത്. ബാറ്റിങ് ഓർഡറിൽ സ്ഥിരതയില്ലാത്തതാണ് ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമെന്ന് ക്രിക്കറ്റ് നിരീക്ഷകരടക്കം അന്ന് വിലയിരുത്തിയിരുന്നു. നാലാം നമ്പർ ബാറ്റ്സ്മാനായി ആരെ ഇറക്കണമെന്നത് ലോകകപ്പ് സമയത്ത് ഇന്ത്യയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ച ചോദ്യമായിരുന്നു.
2019 ലോകകപ്പിൽ നാലാം നമ്പറിൽ അമ്പാട്ടി റായിഡു ടീമിൽ ഉണ്ടായിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു എന്നാണ് സുരേഷ് റെയ്ന പറയുന്നത്. റായിഡു ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വിജയം നേടാൻ സാധിക്കുമായിരുന്നു എന്ന് റെയ്ന പറഞ്ഞു. ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് റെയ്ന ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലിൽ റായിഡുവും റെയ്നയും ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളാണ്.

റെയ്നയും അമ്പാട്ടി റായിഡുവും ചെന്നെെ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്നു
വിജയ് ശങ്കറാണ് നാലാമനായി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നത്. വിജയ് ശങ്കറിനു പരുക്കേറ്റപ്പോൾ ആ സ്ഥാനത്തേക്ക് മായങ്ക് അഗർവാൾ എത്തി. അപ്പോൾ പോലും നാലാമനായി റായിഡുവിനെ പരിഗണിച്ചില്ല.
Read Also: ചിന്ന തലയും വിടപറയുന്നു; ധോണിക്ക് പിന്നാലെ റെയ്നയും വിരമിച്ചു
“ഒന്നര വർഷത്തോളമായി റായിഡു കളിക്കുന്നു. അദ്ദേഹം നന്നായി പരിശ്രമിച്ചിരുന്നു, കഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ റായിഡു ഇന്ത്യയുടെ നാലാം നമ്പറിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നന്നായി കളിച്ചിട്ടും അദ്ദേഹത്തിനു ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. നാലാം നമ്പറിൽ പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. ഒരുപക്ഷേ, റായിഡു നാലാം നമ്പറിൽ ഉണ്ടായിരുന്നെങ്കിൽ 2019 ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു,” റെയ്ന പറഞ്ഞു.
ലോകകപ്പ് ടീമിൽ സ്ഥാനം നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു താൻ വിരമിക്കുന്നതായി റായിഡു അറിയിച്ചത്. റായിഡു നാലാം നമ്പർ സ്ഥാനത്തിനു അർഹനാണെന്നും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തണമെന്നും നിരവധി ക്രിക്കറ്റ് നിരീക്ഷകർ അന്ന് ആവശ്യപ്പെട്ടിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook