പോർട്ട് ഓഫ് സ്‌പെയ്ൻ: കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ഏറെ വിമർശനം നേരിടുന്ന ഒരു കാര്യമാണ് നാലാം നമ്പരിൽ തുടർച്ചയായി നടത്തുന്ന പരീക്ഷണങ്ങൾ. കെ.എൽ.രാഹുൽ താളം കണ്ടെത്തിയതോടെ ഈ പരീക്ഷണം അവസാനിക്കുമെന്ന് കരുതിയ ആരാധകർക്ക് വീണ്ടും തെറ്റി. നാലാം നമ്പരിൽ പുതിയ താരത്തെ പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ നാലാം നമ്പരിൽ ഇറങ്ങുക യുവതാരം ഋഷഭ് പന്താണ്.

ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി 2015ൽ നടന്ന ലോകകപ്പ് മുതൽ ഒരു ഡസണിലധികം താരങ്ങളെയാണ് ഇന്ത്യ നാലാം നമ്പരിൽ മാറ്റി മാറ്റി പരീക്ഷിച്ചത്. അജിങ്ക്യ രഹാനെ മുതൽ യുവരാജും എം.എസ്.ധോണിയുമെല്ലാം നാലാം നമ്പരിൽ കളിച്ചു നോക്കി. ഏറ്റവും ഒടുവിൽ യുവതാരങ്ങളായ ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ വരെ എത്തിനിൽക്കുന്നു പട്ടിക. ലോകകപ്പിൽ ഓൾറൗണ്ടർ വിജയ് ശങ്കറെ വരെ ഇന്ത്യ കളിപ്പിച്ചു.

കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ മധ്യനിര പൂർണമായും പരാജയപ്പെടുന്ന കാഴ്ച നമ്മൾ കണ്ടതാണ്. പ്രത്യേകിച്ച് ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ. ടൂർണമെന്റിൽ ആദ്യമായി മുൻനിര പരാജയപ്പെട്ടപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തി.

“നാലാം നമ്പരിൽ ഋഷഭ് പന്ത് തന്നെ ബാറ്റ് വീശും, ശ്രേയസ് അയ്യരും. എപ്പോഴും മാറ്റം സാധിക്കുന്ന ബാറ്റിങ് പൊസിഷനുകളാണ് നാലും അഞ്ചും. കളിയുടെ സ്വഭാവം അനുസരിച്ച് ആർക്കും ഈ പൊസിഷനുകളിൽ ബാറ്റ് ചെയ്യാൻ സാധിക്കും. എന്റെ അഭിപ്രായത്തിൽ ആദ്യ മൂന്ന് നമ്പരിലും ആറ്, ഏഴ് പൊസിഷനുകളിലുമാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ വേണ്ടത്.” ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook